കോഴിക്കോട്/വയനാട്: ജൂലൈ 8 ശനിയാഴ്ച താമരശ്ശേരി ചുരത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രകൃതി പഠന മഴയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യസംഘാടകരായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി കോര്‍ഡിനേറ്റര്‍ പ്രൊഫ. ശോഭീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ രമേഷ് ബാബു.പി, ദര്‍ശനം ഗ്രന്ഥാലയ സെക്രട്ടറി എം.എ ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു. വയനാട് ഗേറ്റിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് അങ്കണത്തില്‍ എട്ടിന് രാവിലെ വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരികപരിപാടികളും പ്രതിജ്ഞയും നടക്കും. തുടര്‍ന്ന് 10.30 ന് പ്രകൃതി ദര്‍ശന യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
ചുരത്തിലൂടെ ഉള്ള യാത്ര സുഗമമാക്കാന്‍ പോലിസ്, വനം, അഗ്നി രക്ഷാ സേന, രാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, ചുരം സംരക്ഷണ സമിതിപ്രവര്‍ത്തകര്‍ സുരക്ഷയൊരുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ദേശീയ ഹരിതസേന എക്കോ ക്ലബ്ബുകളിലെ 3000 ലധികം വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പകൃതി -പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകര്‍ ഒറ്റവരിയായി ചുരം ഇറങ്ങും. നടത്തം തുടങ്ങി മൂന്ന് മണിക്കൂര്‍ ആകുമ്പോള്‍ എത്തുന്നിടത്ത് മഴ നടത്തം അവസാനിപ്പിക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്ക് സംസ്ഥാന ഊര്‍ജ വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സമ്മാനങ്ങള്‍ നല്‍കും. നമുക്ക് ഒരുക്കാം പ്ലാസ്റ്റിക്കാനൊരു ബദല്‍ എന്ന തീമില്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേകള്‍ യാത്രയിലുണ്ടാകും. അതിനുള്ള സമ്മാനങ്ങള്‍ ദര്‍ശനം ഗ്രന്ഥാലയവും കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലും ചേര്‍ന്ന് പിന്നീട് നല്‍കും. നര്‍ജി മാനേജ്‌മെന്റ് സെന്റര്‍ – കേരള, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവര്‍ പ്രകൃതി പഠന മഴ യാത്രയ്ക്ക് പിന്തുണ നല്‍കുന്നു. വിവരങ്ങള്‍ക്ക്: 9745030398.