കോഴിക്കോട്: മറുനാടനെതിരേയുള്ള പോലിസ് നടപടിയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. പോലിസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലിസ് നടപടിയെയാണ് യൂണിയന് അപലപിച്ചത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന് സ്കറിയക്ക് എതിരേയുള്ള കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പോലിസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പോലിസ് പിടിച്ചെടുത്തു. ഇതു കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്.
മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന് സ്കറിയക്കും എതിരേ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണ് യൂണിയന് നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാല്‍, ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന് പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും അറിയിച്ചു.