ആട്ടക്കഥയിലെ രാധാവിസ്മയം

വിസ്മയ പി.

രാധാമാധവൻ
                   രാധാമാധവൻ

 

ഇരയിമ്മൻ തമ്പിയുടെ മകൾ കുട്ടിക്കുഞ്ഞി തങ്കച്ചിക്കും, മാധവിക്കുട്ടി വാരസ്യാർക്കും ശേഷം ആട്ടക്കഥാ സാഹിത്യത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് കവയത്രി കൂടിയായ രാധാമാധവൻ. 17 ആട്ടക്കഥകളും, 3 കവിതാ സമാഹാരങ്ങളും അധ്യാത്മരാമായണം, ആശ്ചര്യ ചൂഢാമണി തുടങ്ങിയവയുടെ വിവർത്തനങ്ങളായും പുനരാഖ്യാനങ്ങളായും പിന്നെയും ഒട്ടേറെ ക്യതികൾ ആട്ടക്കഥ സാഹിത്യത്തെ രാമായണത്തിലെയും, മഹാഭാരതത്തിലെയും
ഉപനിഷത്തുകളിലേയും കഥകളിൽ മാത്രം തളച്ചിടാതെ തന്റേതായ ഭാവനയിലൂടെ അതിനെ പുതിയ തലത്തിലേക്കുയർത്തുകയാണ് ഈ അമ്മ. ഗ്രന്ഥകാരനും,സമകാലികസംഗീതം പത്രാധിപനുമായിരുന്ന പരേതനായ എ.ഡി.മാധവന്റെ ഭാര്യയാണ് രാധ.മകൾ ലാവണ്യ കർണ്ണാടക ന്യൂ ഇന്ത്യാ അഷ്വറൻസിൽ കർണ്ണാടക റീജ്യണൽ ഹെഡ് ആണ്. മരുമകൻ രഞ്ജിത്ത് മുണ്ടിയൂർ.

 

എഴുത്തിലേക്കുള്ള വഴി

എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള ശ്രീമൂല നഗരം ഗ്രാമത്തിൽ പ്രസിദ്ധമായ വെൺമണി കുടുംബത്തിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും പാർവ്വതി അന്തർജനത്തിന്റെയും മകളായി ജനനം. കവിതയ്ക്കും സാഹിത്യത്തിനുമൊക്കെ വലിയ പ്രാധാന്യം കൽപിക്കുന്ന വെൺമണി തറവാട്ടിൽ ജനിച്ചതുകൊണ്ട് തന്നെ ചെറുപ്പം മുതലേ കവിതയോടും നാടകങ്ങളോടും രാധാമാധവന് ഏറെ പ്രിയമായിരുന്നു. ചെറുപ്പം മുതലേ കവിതകൾ എഴുതിത്തുങ്ങിയ അവർ ഇതുവരെ ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട് 3 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാസനച്ചെപ്പ്, പാതിരാമഴ, മന്ദാരമലരുകൾ എന്നിവയാണ് അവ.

ആട്ടക്കഥയോടുള്ള പ്രിയം

അച്ഛൻ മകളെ 15 വയസ്സുവരെ സംസ്‌ക്യതം പഠിപ്പിച്ചിരുന്നു. മാത്രവുമല്ല അവർ ജനിച്ചുവളർന്നത് അനവധി ക്ഷേത്രങ്ങളുള്ള ശ്രീമൂല നഗരം ഗ്രാമത്തിലായതുകൊണ്ട്് ചെറുപ്പം മുതലേ കഥകളി കാണുവാൻ അവസരം ലഭിച്ചിരുന്നു. അന്നത്തെ ജന്മി ഗൃഹങ്ങളിൽ ജന്മദിനം, ചോറൂണ്, പോലുള്ള വിശേഷദിവസങ്ങളിൽ കഥകളി അരങ്ങേറുമായിരുന്നു. കഥകളി ആസ്വാദനത്തോടുള്ള പ്രിയവും എഴുത്തിനോടുള്ള ആവേശവുമാണ് അവരെ ആട്ടക്കഥ രചനയിലേക്ക് നയിച്ചത്.
ആട്ടക്കഥയിൽ എഴുത്തുകാരന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എഴുത്തുകാരന്റെ ഭാവനയ്ക്കനുസരിച്ച് കഥ മുന്നോട്ട് കൊണ്ടു പോകാം. കഥയിൽ ഇത്തരത്തിൽ ഇടപെടാൻ കഴിയുന്നതാണ് കഥകളിയുടെ നേട്ടമെന്നാണ് രാധാമാധവന്റെ അഭിപ്രായം. ഉദ്ഘാടനങ്ങൾക്കും, അതിഥികളെ വരവേൽക്കുന്നതിനുമൊക്കെ കഥകളി ഉപയോഗിക്കുന്നതിന് അനുകൂലമല്ല രാധാമാധവന്റെ മനസ്സ്. എന്നാൽ കഥകളി കലാകാരന്മാർക്ക് മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം ലഭിക്കുന്നില്ലെന്നും അതിനാൽ ജീവിതം പുലർത്താനായി കലാകാരന്മാർ ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ നിർബന്ധിതരായി തീരുന്നു എന്നും അവർ പറയുന്നു.

കഥകളിലെ വ്യത്യസ്തത

കഥകളിയിൽ എല്ലാ കലകളും ഉണ്ട് എന്ന അഭിപ്രായമാണ് രാധാമാധവന്. ശിൽപം, ചിത്രരചന, സംഗീതം, സാഹിത്യം, നൃത്തം, നൃത്ത്യം, അഭിനയം, എന്നിവയുടെ സമ്മേളനമാണ് അത്. ഇവയെല്ലാം കൃത്യമായി ഒത്തുചേരുമ്പോഴാണ് ഒരു മികച്ച കഥകളി അവതരിക്കപ്പെടുന്നത്.
ആട്ടക്കഥാ രചനയെ സംബന്ധിച്ച് ആദ്യ പടി കഥാതന്തു കണ്ടുപിടിക്കുന്നതാണ്. പുരാണങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നുമൊക്കെയാണ് സാധാരണയായ് കഥാതന്തു കണ്ടെത്തുന്നത്. കഥകളിയിലെ ആഹാര്യം അഭൗമവും, അലൗകികവുമാണെന്നാണ് രാധാമാധവന്റെ പക്ഷം.
വ്യത്യസ്ത ആശയങ്ങളെ കഥകളിലേക്ക് ഉൾക്കൊള്ളിക്കുവാൻ സാധിക്കും എന്നുള്ളതാണ് ആട്ടക്കഥയുടെ മനോഹാരിത. കഥാകൃത്തിന്റെ ഭാവനയ്ക്കനുസരിച്ച് പ്രമേയങ്ങളും, സന്ദർഭങ്ങളും, ആശയങ്ങളും സൃഷ്ടിക്കുകയുമാവാം. കഥാതന്തുക്കളുടെ വ്യത്യസ്തത മൂലം മറ്റു ആട്ടക്കഥാരചയിതാക്കളിൽ നിന്നും വേറിട്ടു നിൽക്കുന്നു രാധാമാധവൻ. കപിധ്വജചരിതം എന്ന കഥയിൽ അർജ്ജുനൻ പാഞ്ചാലിയെ വിവാഹം കഴിച്ചുവെങ്കിലും അമ്മയായ കുന്തീദേവിയുടെ വാക്കുകൾ മൂലം സഹോദരങ്ങളുടെ കൂടി പത്‌നിയാവേണ്ടി വന്നു പാഞ്ചാലിക്ക്. അതിനാൽ തന്നെ ഓരോ വർഷവും അവർ ഓരോ ഭർത്താക്കന്മാർക്കൊപ്പമാണ് കഴിയേണ്ടത്. ആദ്യ വർഷത്തിൽ മൂത്ത ജേഷ്ഠനായ യുധിഷ്ഠിരനൊപ്പമാണ് പാഞ്ചാലി കഴിഞ്ഞത്. ഒരു ഭർത്താവിനൊപ്പം കഴിയുമ്പോൾ മറ്റു ഭർത്താക്കൻമാരെ കാണുവാൻ പാടില്ല. ആദ്യ വർഷത്തിൽ അർജ്ജുനൻ അനുഭവിച്ച മനോവേദനയാണ് കപിധ്വജചരിതത്തിൽ പറഞ്ഞിരിക്കുന്നത്. അർജ്ജുനൻ പാഞ്ചാലിയെ സ്വപ്നത്തിൽ കാണുകയും ഭാര്യയായി അനുഭവിക്കുകയും ചെയ്യുന്നു ഈ കഥയിൽ. അന്നു വരെ ആരും കഥകളിയിൽ ഒരു സ്വപ്നരംഗം ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. അതിനാൽ തന്നെ രാധാമാധവന്റെ കപിധ്വജചരിതം മറ്റു ആട്ടക്കഥകളിൽ നിന്നും വ്യത്യസ്തമാകുന്നു.
രുഗ്മിണീമോഹനം എന്ന കഥയിൽ കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള കലഹമാണ് കഥാതന്തു. ഭാര്യാഭർതൃ ബന്ധത്തിൽ കലഹങ്ങളുണ്ടായാൽ തെറ്റു ചെയ്തവർ തങ്ങളുടെ സ്ഥാനം നോക്കാതെ താഴ്ന്നു കൊടുത്ത് കലഹം ഒഴിവാക്കണമെന്നും, മധുവിധു ജീവിതാവസാനം വരെ ഉണ്ടാവണം എന്നുമുള്ള മനോഹരമായ ആശയമാണ് കഥ വിഭാവനം ചെയ്യുന്നത്.
രാധാമാധവന്റെ കഥകളിൽ മഹാഭാരതം മാത്രമല്ല, ടാഗോർ കഥകളും, യേശുവിന്റെ കഥകളും, ഡാവിഞ്ചിയെ കഥാപാത്രമാക്കിയുള്ള കഥകളും ഉൾക്കൊള്ളുന്നു. ഗാന്ധാരി നിബേദനം, ചിത്രാംഗദാചരിതം, ശ്യാമ എന്നീ ആട്ടക്കഥകൾ ഗുരുദേവ് ടാഗോറിന്റെ കഥകളെ അടിസ്ഥാനമാക്കിയാണ് രചിചിച്ചിട്ടുള്ളത്. ‘ഡാവിഞ്ചി ലാസ്റ്റ് സപ്പർ’ എന്ന പെയിന്റിംഗ് ചെയ്യാനുണ്ടായ സാഹചര്യമാണ് ‘ഡാവിഞ്ചി പൊരുൾ’ എന്ന കഥയുടെ കഥാതന്തു യേശുക്രിസ്തുവിനെ പറ്റിയുള്ള കഥയാണ്. ദിവ്യകാരുണ്യ ചരിതം, കൂട്ടത്തിൽ ഏറ്റവും കൂടുതൽ വേദിയിൽ അവതരിപ്പിച്ച ഒന്നാണിത്.

സുഭദ്രാദ്രൗപദീയം

രാധാമാധവന്റെ ഏറ്റവും പുതിയ ആട്ടക്കഥയാണ് സുഭദ്രാദ്രൗപതീയം. യുധിഷ്ഠിരനും, ഭീമനുമൊപ്പമുള്ള വാസം കഴിഞ്ഞ ശേഷം 3ാം വർഷം തന്റെ പ്രിയനായ അർജ്ജുനനോടോപ്പം കഴിയാനായി സ്‌നേഹത്തോടെ ഒരുങ്ങിയിരിക്കുന്ന ദ്രൗപതി കാണുന്നത് അർജ്ജുനൻ സുഭദ്രയെ വിവാഹം ചെയ്തു കൊണ്ട് വരുന്ന കാഴ്ചയാണ്. അർജ്ജുനനൊപ്പം കഴിയാൻ കാത്തിരുന്ന ദ്രൗപതിക്ക് അനുഭവിക്കേണ്ടിവരുന്ന മനോവേദനയാണ് കഥാതന്തു. ദ്രൗപതിയുടെ വിഷമം കണ്ട അർജ്ജുനൻ പറയുന്നത് നിനക്ക് സമ്മതമില്ലെങ്കിൽ സുഭദ്ര പൊയ്‌ക്കോട്ടെ എന്നാണ്. എന്നാൽ പ്രണയഭംഗത്തിന്റെ വേദന തനിക്കറിയാം എന്നും അതു മറ്റൊരാൾ അനുഭവിക്കാൻ താൻ കാരണമാവില്ലെന്നും അതിനാൽ താൻ പിൻവാങ്ങിക്കൊള്ളാം എന്നും ദ്രൗപതി പറയുന്നു.

കോഴിക്കോടിനോടുള്ള ഇഷ്ടം

അനേകം നാടുകളിൽ ജീവിച്ചിട്ടുണ്ടെങ്കിലും കോഴിക്കോടിനോട് തനിക്ക് ഏറെ പ്രിയമെന്ന് പറയുന്നു രാധാമാധവൻ. ഭർത്താവായ എ.ഡി മാധവനൊപ്പം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി നിരവധി നഗരങ്ങളിൽ ജീവിക്കുവാൻ അവർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെത്തിയതും അങ്ങനെയാണ്. ‘ഈ നഗരം എനിക്ക് ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് നാൾ മുൻപേ എഴുത്തിലേക്കിറങ്ങിയിരുന്നെങ്കിലും എന്റെ കരിയർ വികസിപ്പിക്കാൻ കഴിഞ്ഞത് ഈ നാട്ടിൽ വന്ന ശേഷമാണ്. ഇവിടെ നിന്നും എനിക്കു കിട്ടിയ പ്രചോദനം തന്നെ അതിന് കാരണം. ഒപ്പം ഭർത്താവിന്റെ പിന്തുണയും പ്രോത്സാഹനവും’ സന്തോഷത്തോടെ അവർ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *