കുട്ടികളിലെ കാഴ്ച വൈകല്യം: ഉത്തരകേരളത്തിലെ ആദ്യ സി.വി.ഐ ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു

കുട്ടികളിലെ കാഴ്ച വൈകല്യം: ഉത്തരകേരളത്തിലെ ആദ്യ സി.വി.ഐ ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു

കോഴിക്കോട്: കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കോര്‍ട്ടിക്കല്‍ വിഷ്വല്‍ ഇംപയേര്‍മെന്റ് (സി.വി.ഐ) ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഉത്തര കേരളത്തിലെ ആദ്യ സി.വി.ഐ ക്ലിനിക്ക് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെറിബ്രല്‍ പാഴ്‌സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള പ്രസിഡന്റ് കെ.എന്‍ ഗോപാലകൃഷ്ണന്‍, കേരളാ സെറിബ്രല്‍ പാഴ്‌സി ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സിജോ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ന്യൂറോളജിക്കല്‍ ചലന വൈകല്യങ്ങള്‍ മൂലം കുട്ടികളിലുണ്ടാകുന്ന കാഴ്ച പരിമിതികളെയാണ് കോര്‍ട്ടിക്കല്‍ വിഷ്വല്‍ ഇംപയേര്‍മെന്റ് അഥവാ സി.വി.ഐ എന്ന് പറയുന്നത്. ഇത് നേരത്തെ തന്നെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നൂതന ചികിത്സാ സൗകര്യങ്ങളാണ് ക്ലിനിക്കിലുള്ളത്. സാധാരണ കാഴ്ച പരിമിതികളില്‍ നിന്ന് വ്യത്യസ്തമായി തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് സി.വി.ഐക്ക് കാരണമാകുന്നത്. തലച്ചോറിന്റെ വിഷ്വല്‍ സെന്ററുകളെയും പാതകളെയുമാണ് സി.വി.ഐ ബാധിക്കുന്നത്. ഇത് കാഴ്ച സംവേദനം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു.

സെറിബ്രല്‍ പാഴ്‌സി പോലുള്ള ചലനവൈകല്യങ്ങളുള്ള കുട്ടികളുടെ പെരുമാറ്റത്തില്‍ കാഴ്ചക്ക് പ്രധാന പങ്കാണുള്ളത്. കുട്ടി കളിപ്പാട്ടങ്ങളിലേക്കും മറ്റ് വസ്തുക്കളിലേക്കും നോക്കുന്നത് ശരിയായിട്ടാണോ എന്ന് മാതാപിതാക്കള്‍ക്ക് വിലയിരുത്താനാകും. അസ്വാഭാവികത ശ്രദ്ധയില്‍ പെട്ടാല്‍ ചികിത്സ നല്‍കാനും പരിഹരിക്കാനും സി.വി.ഐ ക്ലിനിക്കില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. നവജാത ശിശുക്കളിലും കുട്ടികളിലുമാണ് സി.വി.ഐ കൂടുതലായി കണ്ടുവരുന്നത്. മാസം തികയാതെ ജനിക്കുക, ജനിച്ച സമയത്ത് ഓക്‌സിജന്റെ അഭാവം മൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുക, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുക, മെനിഞ്ചൈറ്റിസ് മുതലായ രോഗങ്ങള്‍ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടികളിലാണ് ഈ വൈകല്യ സാധ്യത കൂടുതലുള്ളത്. വിവിധ നേത്ര പരിശോധനകളിലൂടെ രോഗം നേരത്തേ കണ്ടെത്തി വേഗത്തില്‍ ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.

ആസ്റ്റര്‍ മിംസിലെ സി.വി.ഐ ക്ലിനിക്കില്‍ തുടര്‍ച്ചയായ തെറാപ്പികളിലൂടെയാണ് ചികിത്സ നല്‍കുന്നത്. ഇതിനായി രാജ്യത്തെ പ്രമുഖ കണ്ണാശുപത്രി ശൃംഖലയായ മധുര അരവിന്ദ് ഐ ഹോസ്പിറ്റലില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഒക്കുപ്പേഷനല്‍ തെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോട്ടിവേറ്ററും സംരംഭകയുമായ ഷൈല ഷനോജ് വിശിഷ്ടാതിഥിയായിരുന്നു. ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോ. സുജിത് വി. നായനാര്‍, ഒഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. സുനിത മാത്യു, കുട്ടികളുടെ നേത്രരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എ.ജെ നിര്‍മല്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. എം.വി ശര്‍മിള, ഡോ. ഫറാസ് അലി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *