പിറന്ന മണ്ണും, ആദ്യം ഉരുവിടുന്ന വാക്കുകളുമാണ് ഒരു വ്യക്തിയെ നയിക്കുന്നത്. ആദ്യാക്ഷരങ്ങൾ കുറിക്കുന്ന വേളയിൽ ഭാഷയോടുള്ള അഗാധമായ സ്‌നേഹമാണ് നമ്മിൽ തുളുമ്പുന്നത്. മലയാള ഭാഷയിൽ നമ്മുടെ കുട്ടികൾക്ക് നല്ല പ്രവീണ്യം ഉണ്ടാകണമെങ്കിൽ അവരെ അക്ഷരം പഠിപ്പിക്കുന്നതാണ് ആദ്യഘട്ടം. സ്വരാക്ഷരം, വ്യജ്ഞനാക്ഷരം എന്നിവയെല്ലാം തിരിച്ചറിഞ്ഞ് അക്ഷരങ്ങൾ ഹൃദ്യസ്ഥമാക്കിയാണ് കുട്ടികൾ എഴുത്തും വായനയും ആരംഭിക്കുന്നത്. ഭാഷയിൽ നല്ല പ്രാവീണ്യമണ്ടാ വണമെങ്കിലും അക്ഷരം തന്നെയാണ് അടിസ്ഥാനം.
2019വരെ നമ്മുടെ കുട്ടികളുടെ പാഠപുസ്തകങ്ങളിൽ അക്ഷരമാല സ്ഥിര സാന്നിധ്യമായിരുന്നു. 2019ലാണ് പാഠപുസ്തക നവീകരണം നടക്കുന്നത്. അതുമുതൽ അക്ഷരമാല പാഠപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 2013ൽ ഇത് സംബന്ധിച്ച് പുന:നവീകരണം വന്നെങ്കിലും പാഠപുസ്തകങ്ങളിൽ അക്ഷരമാല തിരിച്ചെത്തിയില്ല.
ഇതിനെതിരെ ഭാഷാ സ്‌നേഹികൾ രംഗത്ത് വരുകയായിരുന്നു. കാരശ്ശേരി മാഷ് തുറന്ന കത്തായി ആരംഭിച്ച ഇടപെടൽ വലിയ സംവാദമായി മാറി. അതിൽ സംബന്ധിച്ചവരെല്ലാം മലയാളത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രിക്കുള്ള കാരശ്ശേരി മാഷിന്റെ തുറന്ന കത്തും പിന്നീടുണ്ടായ വലിയ പ്രതികരണവും ഗ്രഹിച്ച് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അക്ഷരമാല തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രാദേശിക ഭാഷയിൽ പലതും ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ 6800 ഭാഷകളിൽ പകുതിയോളം ഇല്ലാതാകുമെന്നാണ് കണക്കുകൾ പറയുന്നത്. മലയാളത്തിന്റെ പാരമ്പര്യം വലുതാണ്. മലയാളികളായ നാം തന്നെയാണ് നമ്മുടെ ഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിക്കേണ്ടത്. മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും കേരളത്തിന്റെ ഔദ്യോഗിക ഭാഷയായിട്ടില്ല.
മലയാള ഭാഷയുടെ വ്യാപനത്തിനായി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുകതന്നെ വേണം.