തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാർ ഉണ്ടായിരുന്നു; ഹൈബി ഈഡൻ

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാർ ഉണ്ടായിരുന്നു; ഹൈബി ഈഡൻ

കൊച്ചി: കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡൻ. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങൾക്ക് മുമ്പും പാർലമെന്റ് സമ്മേളനങ്ങൾക്ക് മുമ്പും ജനതാത്പര്യം മനസിലാക്കാൻ ശ്രമിച്ചിരുന്നതായും തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാർ ഉണ്ടായിരുന്നതിനാലാണ് അക്കാര്യം ലോക്‌സഭയിൽ ഉന്നയിക്കാനുള്ള നോട്ടീസ് നൽകിയതെന്നും ഹൈബി ഈഡൻ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തൻറെ ബിൽ ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ല. ഹൈബി കൂട്ടിച്ചേർത്തു.

സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ ലോക്‌സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ലെന്ന കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന തനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി അനുവാദം ചോദിക്കാതെ ബിൽ ലോക്‌സഭയിൽ സമർപ്പിച്ചത്. പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ലെന്നും ഹൈബി വ്യക്തമാക്കി. പാർട്ടി നിലപാടിനൊപ്പമാണ് താനെന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിനും മനുഷ്യനും അവഗണിക്കപ്പെടുന്നവർക്കും അരിക് ചേർക്കപ്പെട്ടവർക്കും ശബ്ദം നൽകാനും ലോക്‌സഭയിൽ നാടിന്റെ സ്പന്ദനങ്ങളെത്തിക്കാനുമുള്ള നിരന്തര പരിശ്രമത്തിനിടയിൽ കൃത്രിമമായി നട്ടുവളർത്തി വലുതാക്കിയ ഇത്തരം വിവാദങ്ങളിൽ നായകസ്ഥാനം വഹിക്കാൻ വലിയ താത്പര്യം തോന്നിയിട്ടില്ലാത്ത ഒരു ജനപ്രതിനിധി എന്ന നിലയിൽ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയുള്ള തന്റെ വിശദീകരണം ഈ വിഷയത്തിലെ അവസാന കുറിപ്പ് ആകട്ടെ എന്ന് ആത്മാർത്ഥതമായി ആഗ്രഹിക്കുന്നതായും ഹൈബി ഈഡൻ വ്യക്തമാക്കി.

വാദപ്രതിവാദങ്ങളിൽ ഇടപെടാതിരുന്നത് തന്റെ ദൗർബല്യമല്ലെന്നും അനുചിതമായ ഇടങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനുമപ്പുറം സാർത്ഥകമായ ഇടപെടലുകൾ ജനങ്ങൾക്കും നാടിനും വേണ്ടി നിരന്തരം നടത്തുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ കർത്തവ്യമായി ഞാൻ കാണുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *