മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി; അജിത് പവാര്‍ ഉപമുഖ്യമന്ത്രി, എന്‍.സി.പി പിളര്‍ത്തി ബി.ജെ.പി

മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി; അജിത് പവാര്‍ ഉപമുഖ്യമന്ത്രി, എന്‍.സി.പി പിളര്‍ത്തി ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്‍.സി.പിയുടെ ഒമ്പത് എം.എല്‍.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അപ്രതീക്ഷിത നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായത്. തന്നെ പിന്തുണയ്ക്കുന്ന 13 എം.എല്‍.എമാര്‍ക്ക് ഒപ്പമാണ് അജിത് പവാര്‍ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടേയും ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനില്‍ സത്യപ്രതിജ്ഞ നടന്നത്.
എന്‍സിപിയിലെ അധികാരത്തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍.സി.പി വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. ശരത് പവാറിന്റെ മകളും ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയത്. മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഗോവ, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ ചുമതലയയാണ് പ്രഫുല്‍ പട്ടേലിന്.

29 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എം.എല്‍.എമാരുടെ എണ്ണത്തില്‍ വ്യക്തതയായിട്ടില്ല. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എന്‍.സി.പിയുടെ മുതിര്‍ന്ന നേതാക്കളെ ഒന്നടങ്കം അടര്‍ത്തി എടുക്കാനായെന്നത് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *