മലയാളികൾ ഭൂതകാലത്തിൽ നിന്ന് കരുത്ത് നേടണം ഗോവ ഗവർണർ ശ്രീധരൻപിള്ള

മലയാളികൾ ഭൂതകാലത്തിൽ നിന്ന് കരുത്ത് നേടണം ഗോവ ഗവർണർ ശ്രീധരൻപിള്ള

കോഴിക്കോട്: ഇന്നലെകളെ വിസ്മരിച്ചാൽ നാളെയിലേക്ക് കുതിച്ചു ചാടാനാവില്ലെന്നും സമൂഹത്തിൽ പരിവർത്തനത്തിനായി പ്രയത്‌നിച്ച മഹാരഥന്മാരെ വിസ്മരിക്കാൻ പാടില്ലെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. പഴയ കാലങ്ങളെ ഓർമ്മപ്പെടുത്തൽ സമൂഹ നിർമ്മിതിയുടെ ഭാഗമാണ്. അപ്പഴപ്പഴത്തെ കാര്യങ്ങളിൽ മലയാളി സമൂഹം ഒതുങ്ങരുത്. റാവുബഹദൂർ അപ്പുനെടുങ്ങാടി അനുസ്മരണവും, പ്രതിഭാ പുരസ്‌കാര ദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് രാജ്യങ്ങളിൽ വലിയ മാർക്കറ്റുണ്ടായിരുന്ന ബിസ്‌ക്കറ്റ് കമ്പനി പടുത്തുയർത്തിയത് മലയാളിയായിരുന്നു. എന്നാൽ ചില കാരണങ്ങളുണ്ടാക്കി അദ്ദേഹത്തെ തന്നെ ഇല്ലാതാക്കികളഞ്ഞു. ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറിയാവേണ്ട വ്യക്തിയായിരുന്നു എം.കെ.കെ.നായർ. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി. അദ്ദേഹം വ്യവസായ രംഗത്ത് ചെയ്ത സേവനങ്ങൾ മലയാളി ഓർക്കേണ്ടതാണ്. മറവിയില്ലാത്തവരാണ് തങ്ങളെന്ന് മലയാളികൾ തെളിയിക്കണം. ആദ്യത്തെ സർജൻ , ആദ്യത്തെ  ജഡ്ജി, സുപ്രീം കോടതിയിലെ ആദ്യ മുസ്ലിം ജഡ്ജി ഇങ്ങനെ മലയാളിയുടെ ഖ്യാതി വലുതാണ്. ഇത്തരം പ്രതിഭകളെ നാം ഓർക്കുകയും അവരുടെ ദർശനം പുതുതലമുറക്ക് കൈമാറുകയും വേണം. യേശുദാസിനെപോലെ പാടാൻ കഴിവുള്ള നിരവധി പേർ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്താനാവണം. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രഗൽഭനായ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ വാർഷിക വരുമാനം 15,000 ഡോളറായിരുന്നു. ട്രെയിൻ യാത്രക്കിടയിലുണ്ടായ അനുഭവമാണ് അദ്ദേഹത്തെ പുന:സൃഷ്ടിച്ചത്. വിവേകാനന്ദൻ എന്ന പ്രതിഭാശാലിയെ കണ്ടെത്തിയത് ശ്രീരാമകൃഷ്ണ പരമഹംസരാണ്. പ്രതിഭകളെ കണ്ടെത്താൻ സമൂഹത്തിനാകണം.
അപ്പു നെടുങ്ങാടിയുടെ സാഹിത്യമേഖലയിലും, പത്രപ്രവർത്തന മേഖലയിലും കോഴിക്കോട് കോർപ്പറേഷൻ ഭരണ രംഗത്തും, വിദ്യാഭ്യാസ-വാണിജ്യ സാമൂഹിക പരിഷ്‌ക്കരണക്കരണ മേഖലയിലെയും പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നദ്ദേഹം പറഞ്ഞു. മികച്ച അധ്യാപകനുള്ള പുരസ്‌കാരം വി.രാജഗോപാലനും, അഭിഭാഷക പുരസ്‌കാരം സുദേവൻ മാമിയിൽ, ബാങ്കിംഗ് രംഗത്തെ മികവിന്‌ വി.ബാലമുരളിക്കും, സാഹിത്യകാരനുള്ളത് ജ്യോതിസ്.പി.കടയപ്രത്തിനും അദ്ദേഹം സമ്മാനിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ ഹെഡ് എൻ.രാമചന്ദ്രൻ പ്രശസ്തി പത്രം നൽകി. അപ്പു നെടുങ്ങാടിയുടെ പ്ര പൗത്രി മീരാ പ്രതാപ്, പ്ര പൗത്രൻ താരാനാഥ്, റിട്ട.സീനിയർ മാനേജർ കെ.എം.ശശിധരൻ, പി.അബ്ദുഖാദർ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ചു .അനുസ്മരണ സമിതി ചെയർമാൻ
എൻ.വി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി ബ്യൂറോ ചീഫ് എം.പി.സൂര്യദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.അനിൽ ബാബു പ്രസംഗിച്ചു. കൺവീനർ പി.കെ.ലക്ഷ്മിദാസ് സ്വാഗതവും ജോ. കൺവീനർ പി.രാധാകൃഷ്ണൻനന്ദിയും പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *