ബെംഗളൂരു: സാഫ് ചാമ്പ്യൻഷിപ്പ് സെമിയിൽ ലെബനനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ഷൂട്ടൗട്ടിൽ 4-2 ന് മറികടന്നാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഷൂട്ടൗട്ടിലെ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോൾരഹിത സമനില തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പ്രവേശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനിൽ ഛേത്രി, അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർ ലക്ഷ്യം കണ്ടു. ലെബനൻ താരം ഹസൻ മാറ്റുക്കിന്റെ കിക്ക് ഗുർപ്രീത് തടയുകയും ഖലിൽ ബാദെറിന്റെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു. വാലിദ് ഷൗർ, മുഹമ്മദ് സാദെക് എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.
മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്. പലപ്പോഴും ഗുർപ്രീതിന്റെ മികച്ച സേവുകളാണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. ലെബനന്റെ മികച്ച മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മാറ്റുക്കും സെയ്ൻ ഫെറാനും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച നാദെർ മറ്റാറിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പറന്നു.