പാകിസ്താൻ ടീമിന്റെ സുരക്ഷ; സ്റ്റേഡിയങ്ങൾ പരിശോധിക്കാൻ പ്രത്യേക പാക്ക് സംഘമെത്തും

പാകിസ്താൻ ടീമിന്റെ സുരക്ഷ; സ്റ്റേഡിയങ്ങൾ പരിശോധിക്കാൻ പ്രത്യേക പാക്ക് സംഘമെത്തും

ഇസ്‍ലാമബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ സുരക്ഷാ സൗകര്യങ്ങൾ പരിശോധിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതരെത്തും. പാകിസ്താന്റെ മത്സരങ്ങൾ നടക്കുന്ന വേദികളിലാണ് പിസിബിയുടെ പ്രത്യേക സംഘം പരിശോധന നടത്തുക.

പാകിസ്താൻ ടീമിന് ഇന്ത്യയിൽ ആവശ്യത്തിന് സുരക്ഷ ലഭിക്കുമോ എന്നതാണ് സംഘം വിലയിരുത്തുക. ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണു പാക്കിസ്ഥാന്റെ നീക്കം.

‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാനെ തിരഞ്ഞെടുത്തതിനു ശേഷമായിരിക്കും ഇന്ത്യയിലേക്കു സംഘത്തെ അയക്കുന്ന തീയതി തീരുമാനിക്കുക. പിസിബി പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം ഇന്ത്യയിലെത്തി ലോകകപ്പ് വേദികൾ പരിശോധിക്കും. സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്കു വിടുന്ന നടപടി സ്വാഭാവികമാണ്. ഇന്ത്യയിൽ മത്സരങ്ങളുണ്ടെങ്കിൽ അനുമതി നൽകുന്നതിനായി പാക്കിസ്ഥാൻ സുരക്ഷാ സംഘത്തെ മുൻപും അയച്ചിട്ടുണ്ട്.’’– പാക്കിസ്ഥാൻ കായിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പാകിസ്താന്റെ മത്സരങ്ങൾ നടക്കുന്ന ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തക. ആവശ്യമെങ്കിൽ മത്സര വേദികൾ മാറ്റണമെന്ന് പാക്ക് സംഘം ആവശ്യപ്പെടും. ഐസിസി, ബിസിസിഐ എന്നിവർക്കും പാക്കിസ്ഥാൻ റിപ്പോർട്ട് അയക്കും. അതേസമയം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്കു വിടാൻ പാക്ക് സർ‌ക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെ രാജ്യത്തെ പത്ത് വേദികളിലാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.

Share

Leave a Reply

Your email address will not be published. Required fields are marked *