വെസ്റ്റിൻഡീസ് ലോകകപ്പ് ക്രിക്കറ്റിനില്ല- ചരിത്രത്തിലാദ്യമായി യോ​ഗ്യത നേടാതെ പുറത്ത്

വെസ്റ്റിൻഡീസ് ലോകകപ്പ് ക്രിക്കറ്റിനില്ല- ചരിത്രത്തിലാദ്യമായി യോ​ഗ്യത നേടാതെ പുറത്ത്

ഹരാരെ: ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസ് യോഗ്യത നേടാനാകാതെ പുറത്തായി. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീം ഉണ്ടാവില്ല. ഈ വർഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിൻഡീസ് യോഗ്യത നേടിയിരുന്നില്ല.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ സൂപ്പർ സിക്‌സ് മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനോട് ഏഴു വിക്കറ്റിന്റെ തോൽവി വഴങ്ങിയതോടെയാണ് വിൻഡീസിന്റെ ലോകകപ്പ് സാധ്യത ഇല്ലാതായത്. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും നടന്ന മത്സരങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ തന്നെ വിൻഡീസിന്റെ പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 43.5 ഓവറിൽ 181 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലൻഡ് 43.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. 107 പന്തിൽ 74 റൺസെടുത്ത മാത്യൂ ക്രോസാണ് സ്കോട്ലൻഡിന് വേണ്ടി ഉയർന്ന സ്കോർ നേടിയത്. 106 പന്തിൽ 69 റൺസെടുത്ത ബ്രാൻഡൻ മക്മല്ലനും സ്‌കോട്ട്‌ലൻഡിനായി തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് സ്‌കോട്ട്‌ലൻഡ് ബൗളിങ്ങിനു മുന്നിൽ പതറി. മൂന്ന് വിക്കറ്റുമായി ബ്രാൻഡൻ മക്മല്ലൻ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മാർക്ക് വാറ്റ്, ക്രിസ് ഗ്രീവ്‌സ്, ക്രിസ് സോൾ എന്നിവർ സ്കോട്ലൻഡ് ബോളിങ് നിരയിൽ തിളങ്ങി.

45 റൺസെടുത്ത ജേസൺ ഹോൾഡർ, 36 റൺസെടുത്ത റൊമാരിയോ ഷെപ്പേർഡ് എന്നിവരാണ് വിൻഡീസ് നിരയിൽ ഉയർന്ന സ്കോർ നേടിയത്. ബ്രാൻഡൻ കിങ് 22 റൺസും നിക്കോളാസ് പുരൻ 21 റൺസുമെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *