രമേശന്‍ പാലേരി റോബര്‍ട്ട് ഓവന്‍ അവാര്‍ഡിന്റെ നിറവില്‍

രമേശന്‍ പാലേരി റോബര്‍ട്ട് ഓവന്‍ അവാര്‍ഡിന്റെ നിറവില്‍

കേരളത്തിന്റെ സഹകരണമേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളര്‍ത്തിയ സമര്‍പ്പിത ചേതസ്സായ സഹകാരിയാണ് രമേശന്‍ പാലേരി. ഇന്നു ശതാബ്ദിയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ എഴുപതാം വയസില്‍ അതിന്റെ പത്താമത്തെ പ്രസിഡന്റായി ചുമതലയേറ്റ ഈ 35കാരന്റെ ലക്ഷ്യബോധവും ഭാവനയും കഠിനാദ്ധ്വാനവുമാണ് ആ സ്ഥാപനത്തെ വ്യവസായ ഉപഭോക്തൃ സേവനമേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സഹകരണസ്ഥാപനം എന്ന നിലയിലേക്കു വളര്‍ത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷവും തുടര്‍ച്ചയായി ഈ ആഗോളതലത്തില്‍ രണ്ടാം സ്ഥാനം ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്. യുഎല്‍സിസിഎസ് എന്ന പഞ്ചാക്ഷരിയില്‍ പുറംലോകം അറിയുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ യുഎന്‍ഡിപി 2013ല്‍ മാതൃകാ സഹകരണസംഘമായി തെരഞ്ഞെടുത്തതും ആ മാതൃക ഡോക്യുമെന്ററിയാക്കി ലോകമാകെ പ്രദര്‍ശിപ്പിച്ചത് ഈ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ്. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് 2019ല്‍ ആദ്യമായും അവസാനമായും ഒരു പ്രാഥമിക സഹകരണസംഘത്തിന് അംഗത്വം നല്‍കി ആദരിച്ചതും ഊരാളുങ്കല്‍ സൊസൈറ്റിയെയാണ്. എട്ടുലക്ഷം സഹകരണസംഘങ്ങളുള്ള രാജ്യത്തെ സഹകരണ നവരത്‌നങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച സഹകരണസംഘത്തിനുള്ള പുരസ്‌കാരം പലതവണ സമ്മാനിക്കപ്പെട്ടതും ചരിത്രം. ജീവിതം പൂര്‍ണ്ണമായും ഈ പ്രയത്‌നത്തിനു സമര്‍പ്പിച്ച, വേറിട്ടൊരു ജീവിതം ഇല്ലാത്ത, രമേശന്‍ പാലേരിയുടെ നേട്ടങ്ങള്‍ അദ്ദേഹം നയിക്കുന്ന മഹാസ്ഥാപനത്തിന്റെ ഈ വളര്‍ച്ച തന്നെയാണ്.

ചെറിയ കരാര്‍ ജോലികളുമായി മലബാറില്‍ ഒതുങ്ങിനിന്ന സൊസൈറ്റി ഗുരുതരമായ പ്രതിസന്ധി നേരിട്ട ആ നാളുകളില്‍ അതിലെ അംഗങ്ങളായ തൊഴിലാളികള്‍ അവര്‍ക്കൊപ്പം ഓവര്‍സീയറായി ജോലിചെയ്തുവന്ന രമേശന്‍ പാലേരിയില്‍ രക്ഷകനെ കണ്ടെത്തുകയായിരുന്നു. അംഗങ്ങള്‍ ഏകകണ്ഠമായി പ്രസിഡന്റായി തെരഞ്ഞെടുത്തത് വെറുതെയായില്ല. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ അഴിമതികൂടാതെ ചെയ്യാന്‍ വൈദഗ്ദ്ധ്യം ഇല്ലാതെ വിഷമിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈത്താങ്ങായി ഊരാളുങ്കല്‍ സൊസൈറ്റി സ്വയം മാറി. ജനകീയാസൂത്രണത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി സൊസൈറ്റിയും ചുവടുറപ്പിച്ചു. സ്വാശ്രയത്വത്തിന്റെയും നവീകരണത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് പടിപടിയായി യന്ത്രോപകരണങ്ങളും വാഹനങ്ങളും അസംസ്‌കൃതവസ്തുക്കള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കാനുള്ള സൗകര്യങ്ങളും ആധുനികസാങ്കേതികവിദ്യകളും വൈദഗ്ധ്യങ്ങളും ഒക്കെ ആര്‍ജ്ജിച്ചത് ഈ മനുഷ്യന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ വിളംബരം ആണ്. ഇതിലൂടെയെല്ലാമാണ് സൊസൈറ്റി വളര്‍ച്ചയുടെ വിഹായസുകള്‍ കീഴടക്കിയത്. ഏഷ്യയിലെ ഏറ്റവും വലിയ ബോ സ്ട്രിങ്ങ് പാലം എന്ന പദവി നേടിയ അതിമനോഹരമായ വലിയഴീക്കല്‍ പാലവും റെക്കോഡ് വേഗത്തില്‍ പൊളിച്ചുപണിത പാലാരിവട്ടം പാലവും അടക്കം എത്രയെത്ര അഭിമാനനിര്‍മ്മാണങ്ങള്‍ ഈ തൊഴിലാളിസംഘം യാഥാര്‍ത്ഥ്യമാക്കി. ദേശീയപാതാ അതോറിറ്റിയുടെ അഭിമാനപദ്ധതികളില്‍ ഒന്നായ ഭാരതമാലയില്‍ പെടുന്ന ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ ഏറ്റവും വേഗത്തിലും മികവിലും മുന്നേറുന്നത് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി-ചെങ്കള ഭാഗം ആണെന്ന് അധികൃതര്‍തന്നെ പ്രഖ്യാപിച്ചത് നാം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത്തരം വലിയ പദ്ധതികള്‍ക്കുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള കേരളത്തിലെ ഏക കമ്പനിയാണ് ഇന്ന് ഈ സൊസൈറ്റി എന്നത് സഹകരണമേഖലയുടെയും തൊഴിലാളിസമൂഹത്തിന്റെയും അഭിമാനമാണ്.

സാമൂഹികമാറ്റത്തിനായി പ്രവര്‍ത്തിച്ചതിന് ഊരുവിലക്കപ്പെട്ട ഊരാളുങ്കലിലെ മനുഷ്യര്‍ക്കു തൊഴിലും ജീവിതവും നല്‍കാന്‍ ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യര്‍ 1925ല്‍ രൂപം നല്‍കിയ ‘ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ ഒരു നാടിനു മുഴുവന്‍ തൊഴില്‍ നല്‍കുന്ന പ്രസ്ഥാനമായി വളര്‍ന്നു. സൊസൈറ്റിയിലും അനുബന്ധസ്ഥാപനങ്ങളിലുമായി ഇന്ന് തൊഴിലാളികളും എന്‍ജിനീയര്‍മാരും സാങ്കേതികവിദഗ്ദ്ധരും മാനേജ്‌മെന്റ് വിദഗ്ദ്ധരും ഓഫീസ് ജീവനക്കാരും എല്ലാമായി പതിനെണ്ണായിരത്തോളംപേര്‍ക്കു നേരിട്ടും ആയിരങ്ങള്‍ക്കു പരോക്ഷമായും തൊഴിലും മികച്ച വേതനവും ക്ഷേമാനുകൂല്യങ്ങളും നല്‍കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ തൊഴില്‍ദാതാവാണ്. ഈ സൊസൈറ്റിയുടെ ഉപസ്ഥാപനമായ യു.എല്‍ സൈബര്‍പാര്‍ക്കില്‍ ജോലിയെടുക്കുന്ന രണ്ടായിരത്തിലേറെ ഐടി പ്രൊഫഷണലുകള്‍ വേറെയും. അത്രയും കുടുംബങ്ങളുടെ അത്താണിയായി ഊരാളുങ്കല്‍ സൊസൈറ്റി വളര്‍ന്നത് രമേശന്‍ പാലേരി എന്ന ഭാവനാശാലിയും തന്റേടിയുമായ സഹകാരിയുടെ സമൂഹിക പ്രതിബദ്ധതയുടെ വിളംബരമാണ്.

സൊസൈറ്റിതന്നെ നല്‍കിയ പ്രോത്സാഹനത്തില്‍ ആധുനികവിദ്യാഭ്യാസം നേടിയ പുതുതലമുറയുടെ ആശയാഭിലാഷങ്ങള്‍ക്കൊത്ത തൊഴിലുകള്‍ സൃഷ്ടിക്കേണ്ടിവന്നപ്പോള്‍ വൈവിദ്ധ്യവല്‍ക്കരണത്തിനും സംഘം തന്റേടം കാട്ടി. അങ്ങനെ തൊഴിലാളികളുടെ ഉടമസ്ഥതയിലും സഹകരണമേഖലയിലും ഉള്ള ലോകത്തെ ആദ്യത്തെ ഐടി പാര്‍ക്കായ യുഎല്‍ സൈബര്‍പാര്‍ക്ക് മലബാറിലെ ആദ്യ ഐടി SEZ ആയി കോഴിക്കോട്ട് ഉയര്‍ന്നു. പിന്നാലെ സ്വന്തം ഐടി സ്ഥാപനമായ യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സും. യുഎല്‍ സൈബര്‍പാര്‍ക്കിനു സമീപം ഉയര്‍ന്നുനില്‍ക്കുന്ന ‘വണ്‍ ആന്തം’ എന്ന അത്യാധുനികപാര്‍പ്പിടസമുച്ചയം ഒരുക്കി യുഎല്‍ ഹൗസിങ് എന്ന ഉപസ്ഥാപനത്തിലൂടെ പാര്‍പ്പിടനിര്‍മ്മാണരംഗത്തും സൊസൈറ്റി സ്ഥാനമുറപ്പിച്ചു. അടുത്തിടെ സൊസൈറ്റി തുറന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ഗുണമേന്മാ പരിശോധനാലാബായ ‘മാറ്റര്‍ ലാബ്’ കേരളത്തിന്റെ ഭാവിനിര്‍മ്മാണങ്ങള്‍ക്കുള്ള ഈടുവയ്പാണ്. തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാന്‍ അനിവാര്യമായ നൈപുണ്യപരിശീലനത്തിനായി സ്‌കില്‍ അക്കാദമിക്കു രൂപം നല്‍കിയ സൊസൈറ്റി ആ രംഗത്ത് സര്‍വ്വകലാശാല ആരംഭിക്കാനുള്ള ആലോചനയിലാണ്. നിര്‍മ്മാണരംഗത്തു മികച്ച തൊഴിലും വേതനവും ഉറപ്പാക്കാന്‍ കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍, കരകൗശലവിദഗ്ദ്ധര്‍ക്കു തൊഴില്‍ നല്‍കാന്‍ ആഗോളനിലവാരത്തില്‍ തിരുവനന്തപുരത്ത് കോവളത്തുള്ള കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗ്ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചു നടത്തുന്നതും നിരവധി പേര്‍ക്കു തൊഴിലും മികച്ച ജീവിതവും എന്ന ഈ സാമൂഹികസേവകന്റെ ജീവിതമുദ്രാവാക്യത്തിന്റെ ചൈതന്യത്തിലാണ്. ഈ ഉപസ്ഥാപനങ്ങളുടെയെല്ലാം ചെയര്‍മാന്‍ രമേശന്‍ പാലേരി ആണ്.

അംഗങ്ങളായ തൊഴിലാളികളുടെ മാത്രമല്ല, ഒരു നാടിന്റെയാകെ ക്ഷേമം ഉറപ്പാക്കുന്ന യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ രാജ്യത്തിനുതന്നെ പലനിലയില്‍ മാതൃകയാണ്. അവിടെ ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കുമായി അവിടെ വികസിപ്പിച്ച പരിശീലനപരിപാടി രാജ്യത്തിനാകെയുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ സംഭാവനയാണ്. ആ വിഭാഗത്തില്‍പ്പെട്ട നൂറിലേറെപ്പേര്‍ക്ക് കോഴിക്കോട്ടെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞതും അതുല്യനേട്ടം. അമേരിക്കയിലും മറ്റുമുള്ള സ്‌പേസ് ക്ലബ്ബുകളോടു കിടപിടിക്കുന്ന യുഎല്‍ സ്‌പേസ് ക്ലബ്ബ് അടക്കം വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളും അഭിമാനകരമാണ്. സ്വന്തം വൈദ്യചികിത്സാസൗകര്യത്തിനു പുറമെ വിദഗ്ദ്ധചികിത്സയ്ക്കുള്ള ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ളസൗകര്യങ്ങളോടെ നാദാപുരം റോഡിലും കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന ‘മടിത്തട്ട്’ എന്ന വയോജനപരിപാലനകേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായി കോഴിക്കോട്ട് നടത്തുന്ന യുഎല്‍ കെയര്‍ നായനാര്‍ സദനം എന്നിവയടക്കം സൃഷ്ടിച്ചതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വാക്കുകള്‍ക്ക് അതീതമാണ്.

കേന്ദ്രകൃഷിമന്ത്രി അദ്ധ്യക്ഷനായ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ഓണ്‍ ലേബര്‍ കോപ്പറേറ്റീവ് അംഗം, നാഷണല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ്‌സ് ഫെഡറേഷന്‍ ഡയറക്റ്റര്‍, ലേബര്‍ സൊസൈറ്റികളെപ്പറ്റി പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗം എന്നിങ്ങനെ ദേശീയ സംസ്ഥാന തലങ്ങളില്‍ ഒട്ടേറെ പദവികള്‍ വഹിക്കുന്ന രമേശന്‍ പാലേരിക്ക് മികച്ച സഹകാരി എന്നതിനൊപ്പം ആരെയും സഹായിക്കാന്‍ മനസുള്ള മനുഷ്യസ്‌നേഹി എന്ന ചിത്രമാണ് സമൂഹ മനസിലുള്ളത്.

അഴിമതി ഇല്ലാതെ, തികഞ്ഞ ഗുണമേന്മയോടെ, സമയബന്ധിതമായി ആധുനികകേരളം സൃഷ്ടിക്കാനുള്ള ഉറപ്പാണ് രമേശന്‍ പാലേരി നയിക്കുന്ന തൊഴിലാളിസൈന്യം. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നു എന്ന ബോധ്യത്തില്‍ പണിയെടുക്കുന്ന തൊഴില്‍സംസ്‌ക്കാരം നാടിനാകെ മാതൃകയാണ്. ഈ നേട്ടമെല്ലാം സഹപ്രവര്‍ത്തകരായ മുഴുവന്‍ തൊഴിലാളികളുടെയും കൂട്ടായ്മയുടെയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന തന്റേടത്തിന്റെയും സൃഷ്ടിയായിക്കണ്ട് എളിമ പുലര്‍ത്തുന്ന ഈ കര്‍മ്മയോഗി എത്രയോപേരുടെ പ്രചോദനമാണ്. ഒരു മഹാസ്ഥാപനത്തിന്റെ അമരക്കാരനായിനിന്ന് ലോകത്തിനാകെ മാതൃക സൃഷ്ടിച്ച ഈ കര്‍മ്മയോഗിക്ക് ദേശീയ, അന്താരാഷ്ട്രതലങ്ങളില്‍ വലുതും ചെറുതുമായ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ള അനവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളുടെയും ശില്‍പ്പി രമേശന്‍ പാലേരിയാണ്. തനിക്കു കിട്ടുന്ന അംഗീകാരങ്ങള്‍ അടക്കം എല്ലാം തൊഴിലാളികള്‍ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിച്ച് എളിമയോടെ, വിനയാന്വിതനായി നമുക്കിടയില്‍ ജീവിക്കുന്ന കര്‍മ്മചേതനയുടെ ഈ ആള്‍രൂപം മുഴുവന്‍ കേരളീയര്‍ക്കും എന്നും പ്രചോദനമാണ്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളും പിന്നീട് ചെയര്‍മാനും സാമൂഹികപരിഷ്‌ക്കര്‍ത്താവും ആയിരുന്ന പാലേരി ചന്തമ്മന്റെ ചെറുമകനും സൊസൈറ്റിയെ നയിച്ച 10 പ്രസിഡന്റുമാരില്‍ പ്രധാനിയായ പാലേരി കണാരന്‍ മാസ്റ്ററുടെ മകനുമാണ് രമേശന്‍ പാലേരി.

 

Share

Leave a Reply

Your email address will not be published. Required fields are marked *