മാഹി: മൂന്നര പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹ സേവനത്തിന്നുടമയായ മയ്യഴി വിദ്യാഭ്യാസ മേഖലയിലെ മാതൃകാഅദ്ധ്യാപിക എല്‍സമ്മ, മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പടിയിറങ്ങി. പതിവ് അധ്യാപന രീതികളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളില്‍ മാനവികത, ശാസ്ത്രാഭിമുഖ്യം, അന്വേഷണ ത്വര, പരിഷ്‌ക്കാരങ്ങള്‍, എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഈ ഗുരുനാഥ, ഒരു നാടിന്റെ തന്നെ മാതൃകയാണ്.
കലാ-സാഹിത്യ മേഖലകളില്‍ കുട്ടികളുടെ സര്‍ഗ്ഗ സിദ്ധി വളര്‍ത്തിയെടുക്കാനും അവരെ സംസ്ഥാന – ദേശീയ തല മത്സരങ്ങളിലെത്തിക്കാനും എല്ലായ്‌പ്പോഴും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഗുരുനാഥയ്ക്കുമപ്പുറം കുട്ടികള്‍ അവരെ അമ്മയായും കൂട്ടുകാരിയായും കരുതിപ്പോന്നു. നിരവധി കുട്ടികള്‍ ടീച്ചര്‍ക്ക് സമര്‍പ്പിച്ച എഴുത്തുകളില്‍ ആത്മബന്ധങ്ങളുടെ വികാരനിര്‍ഭരമായ അനുഭവങ്ങളാണ് കുറിച്ചു വെച്ചത്. കുട്ടികളെ മന:ശാസ്ത്രപരമായി സമീപിക്കാനും നൂതന പാഠ്യപദ്ധതികള്‍ക്കുമപ്പുറം, പാഠ്യേതര കാര്യങ്ങളില്‍ക്കൂടി അവഗാഹമുണ്ടാക്കാന്‍ ടീച്ചര്‍ നടത്തിയ ശ്രമങ്ങള്‍ നൂറുകണക്കിന് ശിഷ്യരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു. ധീരമായ നിലപാടും ഉന്നതമായ ഭാഷാജ്ഞാനവുമാണ് എല്‍സമ്മ ടീച്ചറെ വ്യത്യസ്തയാക്കുന്നത്.