ഏകീകൃത സിവില്‍ കോഡിനെതിരേ എന്‍.ഡിഎയിലും എതിര്‍പ്പ്; ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കും: എന്‍.പി.പി

ഏകീകൃത സിവില്‍ കോഡിനെതിരേ എന്‍.ഡിഎയിലും എതിര്‍പ്പ്; ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കും: എന്‍.പി.പി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ എന്‍.ഡി.എയിലും എതിര്‍പ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എയുടെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്ന് എന്‍.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു.

‘ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ യഥാര്‍ത്ഥ ആശയത്തിന് വിരുദ്ധമാണ്. ഇന്ത്യ വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ്. നമ്മുടെ ശക്തി വൈവിധ്യത്തിലാണ്,’ – സാങ്മ പറഞ്ഞു. ‘സര്‍ക്കാര്‍ ഏത് തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. ബില്ലിന്റെ യഥാര്‍ഥ ഉള്ളടക്കം ഇപ്പോഴും വ്യക്തമല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു തനതായ സംസ്‌കാരമുണ്ട്. അതിന് കോട്ടം തട്ടരുതെന്നാണ് ആഗ്രഹിക്കുന്നത്’ – കോണ്‍റാഡ് സാങ്മ പറഞ്ഞു.

മതപരമായ അവകാശങ്ങള്‍, ലിംഗനീതി, ദേശീയോദ്ഗ്രഥനം എന്നിവയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് തുടക്കമിട്ട ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ബിജെപി നേരിടാന്‍ പോകുന്നത് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമുളള വിയോജിപ്പുകളായിരിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് എന്‍.പി.പിയില്‍ നിന്നുള്ള ഇപ്പോഴത്തെ നീക്കം. നേരത്തെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി നിയമ കമ്മീഷന്‍ പൊതു-മത സംഘടനകളുടെ കാഴ്ചപ്പാടുകള്‍ ക്ഷണിച്ചിരുന്നു. അതിനിടെ, ഏക സിവില്‍ കോഡ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും.

Share

Leave a Reply

Your email address will not be published. Required fields are marked *