ഫ്രഞ്ച് വിദ്യാലയം ആര്‍ക്കും വേണ്ടേ? ;സര്‍ക്കാര്‍ ഉടന്‍ ഇടപെടണം

ഫ്രഞ്ച് വിദ്യാലയം ആര്‍ക്കും വേണ്ടേ? ;സര്‍ക്കാര്‍ ഉടന്‍ ഇടപെടണം

ചാലക്കര പുരുഷു

മാഹി: ഫ്രഞ്ച് വാഴ്ചക്കാലത്ത് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന കേരളത്തിലെ തന്നെ ഏക ഫ്രഞ്ച് ഹൈസ്‌കൂളായ എക്കോല്‍ സംത്രാല്‍ കൂര്‍ കോംപ്ലമൊന്തേര്‍ ഇന്ന് അധികൃതരുടെ കടുത്ത അവഗണനയില്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്.

എസ്.എസ്.എല്‍.സിക്ക് തത്തുല്യമായ ഫ്രഞ്ച് ബ്രവെ പരീക്ഷയാണ് ഇവിടെ നടക്കുന്നത്. വര്‍ഷങ്ങളായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയമാണിത്. പ്രധാന അദ്ധ്യാപകന്റെ കസേര ഒഴിഞ്ഞ് കിടപ്പാണ്.
നാല് ഫ്രഞ്ച് ഭാഷാദ്ധ്യാപക തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. നിലവില്‍ പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകരാണ് ഹൈസ്‌കൂള്‍ ക്ലാസ്സെടുക്കുന്നത്. പ്രൈമറി ടീച്ചര്‍ക്കാണ് പ്രധാനാദ്ധ്യാപികയുടെ ചുമതല നല്‍കിയിട്ടുള്ളത്. മലയാളം, ഇംഗ്ലീഷ് ഭാഷാ സ്ഥിരാദ്ധ്യാപകരില്ലാത്തതിനാല്‍ മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്.

ഫ്രഞ്ച് സിലബസ്സില്‍ ചിത്രം, സംഗീതം, കായികം എന്നിവ പാഠ്യവിഷയങ്ങളാണ്. രണ്ട് ദിവസം മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ വന്നാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. പ്രധാന അദ്ധ്യാപകന്‍ ഉള്‍പ്പടെ 11 അദ്ധ്യാപകര്‍ വേണ്ടിടത്ത് ഇപ്പോള്‍ അഞ്ച് പേര്‍ മാത്രമാണുള്ളത്. മറ്റുള്ളവര്‍ മയ്യഴിയിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വന്ന് പോകുന്നവരാണ്. നിലവില്‍ അഞ്ച് പേര്‍ക്ക് ഫ്രഞ്ച് ഭാഷയറിയാം. ഇതില്‍ രണ്ട് പേര്‍ താത്ക്കാലിക നിയമനത്തിലുളളവരാണ്. ഇവര്‍ 25 വര്‍ഷമായി താല്‍ക്കാലികാദ്ധ്യാപകരായി തുടരുകയാണ്. ഫ്രഞ്ച് ബിരുദവും സി.ടെറ്റും ഉളളവരെ മാത്രമേ പുതുതായി അദ്ധ്യാപകരായി നിയമിക്കുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്. ഫ്രഞ്ച് ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ മാഹിയിലുണ്ട്. അവര്‍ക്ക് ബി.എഡുമുണ്ട്. എന്നാല്‍ സി.ടെറ്റ് ഫ്രഞ്ചിലില്ല. സര്‍ക്കാരാണെങ്കില്‍ വിട്ടുവിഴ്ചക്കും തയ്യാറല്ല.

ഭൗതികമായ എല്ലാ സൗകര്യങ്ങളുമുളള വിദ്യാലയമാണിത്. കേരളീയ വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇവിടെ പ്രവേശനവുമുണ്ട്. ബ്രവെ പാസ്സായാല്‍ മാഹിയില്‍ തന്നെ പ്ലസ് ടു ഫ്രഞ്ച് പഠനത്തിന് സൗകര്യമുണ്ട്. ബിരുദ പഠനത്തിന് പുതുച്ചേരിയിലും അവസരമുണ്ട്. ബിരുദാനന്തര പഠനത്തിന് ഫ്രാന്‍സിലേക്ക് പോകാനും സംവിധാനമുണ്ട്. ജോലി സാദ്ധ്യതയും ഏറെയാണ്.
അധികൃതരുടെ കടുത്ത അവഗണന മൂലം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേരാന്‍ മടിക്കുന്ന അവസ്ഥയാണിപ്പോള്‍.

മയ്യഴിയില്‍ ഇന്നും ഇന്‍ഡോ-ഫ്രഞ്ച് സംസ്‌കൃതിയുടെ ശേഷിപ്പുകളുണ്ട്. ഫ്രഞ്ച് വിമോചന പോരാട്ടം നടത്തിയ സമര നായകരൊക്കെ ഫ്രഞ്ച് ഭാഷയേയും സംസ്‌കൃതിയേയും സ്‌നേഹിച്ചവരായിരുന്നു. കോളനിവാഴ്ചയെ മാത്രമാണ് അവര്‍ എതിര്‍ത്തിട്ടുള്ളൂ. ഇന്‍ഡോ-ഫ്രഞ്ച് ഉടമ്പടിയിലും പ്രഞ്ച്ഭാഷയുടെ പരിരക്ഷണം പരാമര്‍ശിക്കുന്നുണ്ട്. ലോകോത്തര ഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *