നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ക്ലൗഡിലേക്ക് ബാക്ക് അപ്പ് ചെയ്യാതെ തന്നെ ഒരു ഉപകരണത്തിൽ നിന്ന് മറ്റൊരു ഉപകരണത്തിലേക്ക് മാറ്റാൻ അനുവദിക്കുന്ന ഫീച്ചർ അവതരിപ്പിച്ച് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. നിലവിൽ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തതിന് ശേഷം മാത്രമാണ് ചാറ്റുകൾ മറ്റൊരു ഫോണിലേക്ക് കൊണ്ടുപോവാൻ സാധിക്കുക.
എന്നാൽ പുതിയ സംവിധാനം ഉപയോഗിച്ച് ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് നേരിട്ട് ചാറ്റുകൾ കൈമാറാം. ചാറ്റുകൾ ഗൂഗിൾ ക്ലൗഡിലേക്ക അപ് ലോഡ് ചെയ്യുന്നത് ഇതുവഴി ഒഴിവാക്കാം. ഇത് കൂടുതൽ സ്വകാര്യത നൽകുന്നു. മാത്രമല്ല വേഗമേറിയ പ്രക്രിയയാണെന്നും മെറ്റ പറയുന്നു. പ്രത്യേകിച്ചും വലിയ മീഡിയാ ഫയലുകൾ കൈമാറുമ്പോൾ. പുതിയ രീതിയിൽ മീഡിയാ ചാറ്റ് ഹിസ്റ്ററിയും വളരെ വേഗം കൈമാറാനാവും. ഈ പ്രക്രിയയിലും ഡാറ്റ എൻക്രിപ്റ്റ് ചെയ്തു തന്നെയാണ് കൈമാറുക.
വാട്സാപ്പിന്റെ പുതിയ ഡയറക്ട് ചാറ്റ് ട്രാൻസ്ഫർ രീതി എങ്ങനെ ഉപയോഗിക്കാം
- രണ്ട് ഉപകരണങ്ങളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. ഇവ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്തിരിക്കണം. ലൊക്കേഷൻ ഓൺ ചെയ്തിരിക്കണം.
- ശേഷം നിങ്ങളുടെ പഴയ ഫോണിൽ വാട്സാപ്പ് Settings > Chats > Chat transfer തിരഞ്ഞെടുക്കുക. ക്യുആർ കോഡ് തെളിയും.
- പുതിയ ഫോണിലെ വാട്സാപ്പ് ഉപയോഗിച്ച് ഇത് സ്കാൻ ചെയ്യുക. വിവര കൈമാറ്റം ആരംഭിക്കും.