ഏകസിവിൽ കോഡ് ചർച്ചയാക്കിയത് ബിജെപിയുടെ അജണ്ട: പിണറായി വിജയൻ

ഏകസിവിൽ കോഡ് ചർച്ചയാക്കിയത് ബിജെപിയുടെ അജണ്ട: പിണറായി വിജയൻ

തിരുവനന്തപുരം: ഏക സിവിൽ കോഡ് ചർച്ചയാക്കിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ചർച്ചകൾ രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഏകീകൃത സിവിൽ കോഡിനുപകരം വ്യക്തിനിയമങ്ങൾക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികൾക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷൻ 2018 ൽ വിലയിരുത്തിയിരുന്നു. ആ നിലപാടിൽ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്റെ വക്താക്കൾ ആദ്യം വിശദീകരിക്കേണ്ടത്.

വ്യത്യസ്തതകളെ തച്ചുടക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്തതകളെയും വിയോജിപ്പുകളെയും കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *