കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യു.യു.സി ആള്‍മാറാട്ട കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി

കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യു.യു.സി ആള്‍മാറാട്ട കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി

കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ യു.യു.സി ആള്‍മാറാട്ട കേസിലെ പ്രതികളായ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു, എസ്.എഫ്.ഐ നേതാവ് വിശാഖ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി, പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല വിധി നിലനിര്‍ത്തിക്കൊണ്ടാണ് കേസ് ഇന്ന് വിധി പറയാനായി മാറ്റിവെച്ചത്. ആള്‍മാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ഷൈജു കോടതിയില്‍ വാദിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനഖ എന്ന വിദ്യാര്‍ഥിനി രാജി വെച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകളുമുണ്ട്. മാത്രവുമല്ല ഒന്നാം പ്രതിയായ വിശാഖിനെ നീക്കണം എന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് കത്ത് നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

കോളജില്‍ നിന്ന് യൂണിവേഴ്സ്റ്റി യൂണിയന്‍ കൗണ്‍സിലിലേക്ക് ജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ഒഴിവാക്കി എസ്.എഫ്.ഐ നേതാവായ വിശാഖിനെ ഉള്‍പ്പെടുത്തിയെന്നാണ് കേസ്. ആള്‍മാറാട്ടത്തിന് സഹായിച്ചെന്നാണ് പ്രിന്‍സിപ്പലിനെതിരായ കുറ്റം. എന്നാല്‍ അനഖ രാജിവെച്ച ഒഴിവില്‍ പൊതുവായ ആവശ്യത്തെ തുടര്‍ന്ന് തന്നെ യു.യു.സിയാക്കിയതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് വിശാഖ് കോടതിയില്‍ വാദിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *