കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടാണ് മന്ത്രിയുടെ മറുപടി.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയിച്ച് ഉടമകളുമായി ധാരണയില്‍ എത്തിക്കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനം കൂടി പൂര്‍ത്തിയായി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഭൂമി ഏറ്റെടുപ്പ് ആരംഭിക്കും. നഷ്ടപരിഹാര വിതരണം അടുത്ത മാസം തന്നെ പൂര്‍ത്തിയാക്കാനാകും. ഭൂമി മണ്ണിട്ട് ഉയര്‍ത്താനുള്ള ചെലവുകള്‍ അടക്കം എയര്‍പോര്‍ട്ട് അതോറിറ്റി വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യോമയാന മന്ത്രിയെ അറിയിക്കും.