സൈബര്‍ പാര്‍ക്കില്‍ രണ്ടാമത്തെ ഐടി കെട്ടിടത്തിന് അനുമതി

സൈബര്‍ പാര്‍ക്കില്‍ രണ്ടാമത്തെ ഐടി കെട്ടിടത്തിന് അനുമതി

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐടി കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി. പുതിയ കെട്ടിടം വേണമെന്ന മുറവിളികള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ നടപടി. മലബാറിന്റെ ഐടി ഹബ്ബായി കോഴിക്കോടിന്റെ വളര്‍ച്ചയ്ക്ക് ഇതോടെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് (കെ.എസ്.ഐ.ടി.ഐ.എല്‍) പദ്ധതിനിര്‍വഹണത്തിനയി നിയോഗിക്കുക. 184 കോടിയില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നാണ്. നിലവില്‍ രണ്ടായിരത്തിലധികം ജീവനക്കാര്‍ നൂറിലേറെ സ്ഥാപനങ്ങളിലായി സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, നിലവിലെ ഒറ്റക്കെട്ടിടം അപര്യാപ്തമാണ്.

പല കമ്പനികളും വിപുലീകരണത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തത് പ്രതികൂലമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്ത് കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) ബജറ്റിനു മുന്‍പ് സര്‍ക്കാരിനു സൈബര്‍ പാര്‍ക്ക് വിപുലമാക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ സ്ഥലസൗകര്യമുള്ള കെട്ടിടം, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവ വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. 2022 ജനുവരിക്കു ശേഷം സൈബര്‍ പാര്‍ക്കില്‍ 17 കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നിലവില്‍ പാര്‍ക്കിലെ 98 ശതമാനം സ്ഥലവും വിവിധ കമ്പനികള്‍ ഉപയോഗിച്ചുവരികയാണ്. 77 ശതമാനം ഐടി സ്‌പേസും 25 ശതമാനം വാണിജ്യ സ്ഥലവും ഉള്‍പ്പെടുന്ന നാലു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടം നിര്‍മിക്കാന്‍ സൈബര്‍ പാര്‍ക്ക് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *