വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയയ്ച്ചു

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയയ്ച്ചു

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ചോദ്യം ചെയ്ത് വിട്ടയയ്ച്ചു. പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്നാണ് പോലിസിന് അന്‍സില്‍ ജലീല്‍ നല്‍കിയ മൊഴി. തിരുവനന്തപുരം കന്റോണ്‍മെന്റ് എ.സി.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. ഇദ്ദേഹത്തോട് ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജരാകുമ്പോള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകനൊപ്പമാണ് അന്‍സില്‍ ജലീല്‍ കന്റോണ്‍മെന്റ് പോലിസ് സ്റ്റേഷനിലെത്തിയത്. കേസില്‍ രണ്ട് ആഴ്ചത്തേക്ക് അന്‍സിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്ന് തന്നെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് അന്‍സില്‍ ജലീലിനെ വിട്ടയച്ചത്. കേരള സര്‍വകലാശാല രജിസ്ട്രാറാണ് അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലിസില്‍ പരാതി നല്‍കിയത്.
കായംകുളത്തെ മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അന്‍സില്‍ ജലീലിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദം ചര്‍ച്ചയായത്. എന്നാല്‍, ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി വെളിവായിട്ടില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും സമിതിക്ക് മുന്നില്‍ ഇത് സമര്‍പ്പിച്ചതായി അറിവില്ലെന്നും കോടതി നിരീക്ഷിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *