സാഫ് കപ്പ്; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് സമനില, വിനയായത് സെൽഫ് ​ഗോൾ

സാഫ് കപ്പ്; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് സമനില, വിനയായത് സെൽഫ് ​ഗോൾ

ബെംഗളൂരു: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിനെതിരെ സമനില വഴങ്ങി ഇന്ത്യ. അവസാന ​ഗ്രൂപ്പ് മത്സരത്തിലാണ് ഇന്ത്യ വിജയം കൈവിട്ടത്. നിശ്ചിത സമയത്ത് ഒരു​ഗോളിന് മുന്നിലായിരുന്ന ഇന്ത്യയ്ക്ക് വിനയായത് ഒരു സെൽഫ് ​ഗോളാണ്.

കാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ​ഗോൾ നേടിയത്. എന്നാൽ ഇൻജുറി ടൈമിൽ അൻവർ അലി വഴങ്ങിയ സെൽഫ് ഗോളിലാണ് കുവൈത്ത് സമനില പിടിച്ചത്. തുടർച്ചയായ എട്ടു മത്സരങ്ങളിൽ ​ഗോൾ വഴങ്ങാതെയുള്ള ഇന്ത്യൻ മുന്നേറ്റം ഈ മത്സരത്തോടെ തടയപ്പെട്ടു.

പാകിസ്താൻ, നേപ്പാൾ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യയും കുവൈത്തും നേരത്തെ തന്നെ സെമി ഉറപ്പാക്കിയിരുന്നു. ഇന്ത്യയ്ക്കും കുവൈത്തിനും ഏഴ് പോയിന്റ് വീതമുണ്ട്. എന്നാൽ ​ഗോളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് ​ഗോള് നേടിയ ഇന്ത്യ മറികടന്ന് എട്ട് ​ഗോളുകൾ നേടിയ കുവൈത്ത് ​ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ഇതോടെ സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാകും കുവൈത്തിന്റെ എതിരാളികൾ. ഇന്ത്യയ്ക്ക് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ സെമിയിൽ നേരിടേണ്ടതായി വരും.

അതേസമയം പാകിസ്താനെതിരേ പന്ത് പിടിച്ചെടുത്ത് സംഘർഷമുണ്ടാക്കിയതിന് ഒരു മത്സരത്തിൽ വിലക്കുനേരിട്ട ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് കുവൈത്തിനെതിരായ മത്സരത്തിലും ചുവപ്പുകാർഡ് കണ്ട് പുറത്തായി. 62ാം മിനിറ്റിൽ സ്റ്റീമാച്ച് വീണ്ടും പന്ത് പിടിച്ചെടുത്തു. ഇതിന് റഫറി മഞ്ഞക്കാർഡുയർത്തി. പിന്നീട് 81ാം മിനിറ്റിൽ മാച്ച് ഓഫീഷ്യൽസിനെതിരേ പരാതിപ്പെട്ടതിനെ തുടർന്ന് 81-ാം മിനിറ്റിൽ അദ്ദേഹത്തിന് ചുവപ്പുകാർഡും കിട്ടി.

ഇതിന് പിന്നാലെ ഇരു ടീമം​ഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ സഹൽ അബ്ദുൾ സമദിനെ തള്ളിയിട്ടതിന് കുവൈത്ത് താരം അൽ ഖലാഫും അതിനെ പ്രതിരോധിച്ച റഹീം അലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

പിന്നീട് 10 പേരുമായി ഇരു ടീമുകളും മത്സരം തുടർന്നു. പിന്നീട് ഇൻജുറി ടൈമിൽ അൽബ്ലൗഷിയുടെ ക്രോസ് തടയാൻ ശ്രമിച്ച അൻവർ അലി കാലിൽ തട്ടി ഗതിമാറിയ പന്ത് സ്വന്തം പോസ്റ്റിൽ കയറിയതോടെ കുവൈത്തിന് സമനില പിടിക്കാനായി.

Share

Leave a Reply

Your email address will not be published. Required fields are marked *