മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി 10ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആതുര സേവനം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ സന്നദ്ധ സേനയെ വാര്‍ത്തെടുക്കാനുള്ള ഗ്രേറ്റ് സീഡ്‌ലിങ് പദ്ധതി കണ്ണൂരിലെ ജോസ് ഗിരിയില്‍ ആരംഭിക്കും. കര്‍മസേനയുടെ പ്രഥമ ബാച്ചിന്റെ ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാംപ് ജൂലൈ 2,3,4 തിയ്യതികളില്‍ നടക്കും. ഡോ. അമീറലി, ജോസ് പുളിമൂട്ടില്‍, പ്രിന്‍സ് വി.വി- ബംഗളൂരു, സി.എ റസാഖ്, വി.സി മഷ്ഹൂദ്- ഖത്തര്‍, സനൂപ് നരേന്ദ്രന്‍ നേതൃത്വം നല്‍കും.
പത്ത് വര്‍ഷം മുന്‍പ് ഖത്തറില്‍ തുടക്കമിട്ട ഈ കൂട്ടായ്മയ്ക്ക് ഏഴ് രാജ്യങ്ങളില്‍ 20,000ല്‍ ഏറെ അംഗങ്ങളുണ്ട്. യൂത്ത് മൈന്‍ഡ്‌സ്, ഹ്യൂമന്‍ വേവ്‌സ് (യുവ ഹൃദയങ്ങള്‍, മാനവതരംഗങ്ങള്‍ എന്ന പ്രമേയത്തില്‍) നാലാം അന്താരാഷ്ട്ര ക്യാംപയിനും പത്താം വാര്‍ഷികാഘോഷങ്ങളും ആഗോളതലത്തില്‍ നടന്നുവരികയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബല്‍ അഡൈ്വസര്‍, പ്രൊഫ. ശോഭീന്ദ്രന്‍, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ വടയകണ്ടി നാരായണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.വി മജീദ് പുറമേരി, ഫൈനാന്‍സ് സെക്രട്ടറി അഫ്‌സല്‍ പൂനത്ത്, വിഷനറി പാട്രണ്‍ അഡ്വ. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.