ഷിംല: ഉരുള്‍പ്പൊട്ടലില്‍ ഹിമാചല്‍ പ്രദേശില്‍ ആറ് പേര് മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓംകര്‍ ചന്ദ് ശര്‍മ അറിയിച്ചു. വ്യത്യസ്തയിടങ്ങളില്‍ മണ്ണിടിച്ചിലടക്കമുണ്ടായതായും 303ഓളം മൃഗങ്ങള്‍ ചത്തതായും അദ്ദേഹം പറഞ്ഞു.
രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 124 റോഡുകള്‍ തകര്‍ന്നു. മണ്ണിടിച്ചില്‍ മൂലം ഛണ്ഡിഗഡ് – മണാലി പാതയില്‍ മാണ്ഡിയില്‍ നിരവധി സഞ്ചാരികള്‍ കുടുങ്ങിയിരിക്കുകയാണ്. പാതയില്‍ 15 കി.മീറ്ററോളം ഗതാഗത തടസ്സം രൂപപ്പെട്ടു. സമീപത്തെങ്ങും ഭക്ഷണത്തിനോ താമസത്തിനോ ഹോട്ടലുകള്‍ പോലും ഇല്ലാത്ത ഭാഗത്താണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.
ശക്തമായ മഴയാണ് ഞായറാഴ്ച മുതല്‍ മാണ്ഡിയിലുള്ളത്. റോഡിലേക്ക് വന്‍ പാറകളും മറ്റും വീണതോടെയാണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടത്. സ്ഫോടകവസ്തുക്കളും മറ്റുമുപയോഗിച്ച് ദേശീയപാതയില്‍ വീണുകിടക്കുന്ന പാറക്കഷ്ണങ്ങള്‍ പൊട്ടിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.