കോഴിക്കോട്: അലൂമിനിയത്തിന്റെ അമിതമായ വില വർദ്ധന മൂലം ഈ രംഗത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളും, സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്നും, പ്രശ്നത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം വിലയിരുത്തി കേന്ദ്ര സർക്കാരിൽ ഇടപെടണം. അറുപത് മുതൽ എഴുപത് ശതമാനം വരെയാണ് വില വർദ്ധനവുണ്ടായിട്ടുള്ളത്. ഈ രംഗത്തെ നിരവധി സ്ഥാപനങ്ങൾ പൂട്ടി കൊണ്ടിരിക്കുകയാണ്. നവംബർ രണ്ടിന് സെക്രട്ടറിയേറ്റിന് മുൻപിൽ ഉപവാസ സമരം നടത്തും. ഡോ. ശശി തരൂർ എം.പി ഉൽഘാടനം ചെയ്യും. എം.എൽ.എമാരായ അഡ്വ.പി.ടി.എ റഹീം, അഡ്വ.മോൻസ് ജോസഫ് സംസാരിക്കും. സംസ്ഥാന പ്രസിഡണ്ട് ദിലീപ് എം, സംസ്ഥാന ജന.സെക്രട്ടറി മധു കോട്ടത്തുരുത്തി പങ്കെടുത്തു.