വരികള്‍ക്കിടയിലൂടെയുള്ള വായന അനിവാര്യം: ഡോ. മിനി പ്രസാദ്

വരികള്‍ക്കിടയിലൂടെയുള്ള വായന അനിവാര്യം: ഡോ. മിനി പ്രസാദ്

കോഴിക്കോട്: പുല്‍നാമ്പിന്‍ തുമ്പത്തെ മഞ്ഞുതുള്ളി ഒരു കവി കാണുമ്പോള്‍ ഭാവനയുടെ ഇതള്‍ വിരിയുന്നു. അതു പിന്നെ പലതായി ഇഴപിരിയുന്നു. നമ്മള്‍, വായനക്കാര്‍ അതനുഭവിക്കണമെങ്കില്‍ വരികള്‍ക്ക് മുകളിലൂടെയല്ല വരികള്‍ക്കിടയിലൂടെ തന്നെ വായിക്കണം. കെ. സച്ചിദാനന്ദന്റെ കവിതകള്‍ ചൊല്ലി വ്യാഖ്യാനിച്ചു കൊണ്ട് ഡോ.മിനി പ്രസാദ് അഭിപ്രായപ്പെട്ടു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുടെ സഞ്ചരിക്കുന്ന പുസ്തക പ്രദര്‍ശനം ദേവഗിരി സാവിയോ എച്ച്.എച്ച്.എസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കഥാ നിരൂപകയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.മിനി പ്രസാദ്. ഹെഡ് മാസ്റ്റര്‍ സാജു ജോസഫ് അധ്യക്ഷത വഹിച്ചു.
വിവിധ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി നിശ്ചയിച്ച പുസ്തകങ്ങളില്‍ നിന്നൊഴികെ ഗ്രാന്റിന് വാങ്ങിയ പുസ്തകങ്ങളില്‍ നിന്ന് തത്സമയ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ദര്‍ശനം ബാലവേദി മെന്റര്‍ പി. ജസലുദ്ദീന്‍ പ്രശ്‌നോത്തരി നയിച്ചു. ഫാദര്‍ ബ്ലെസ്സന്‍ ജോര്‍ജ്ജ്, ഇ.സോമന്‍, സെക്രട്ടറി എം.എ ജോണ്‍സണ്‍ എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ എന്‍.എം ശിവഗാമി, ടി.എം ദേവിക എന്നിവര്‍ വിജയികളായി. പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപക അവാര്‍ഡിന് തെരഞ്ഞെടുത്ത കണിമോളുടെ അടരുവാന്‍ വയ്യ, ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ പി.വി കുട്ടന്റെ പടവിറങ്ങി അഞ്ജന പുഴയോരത്ത് തുടങ്ങിയ എഴുത്തുകാര്‍ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകങ്ങള്‍ കേരള എജ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറയ്ക്കല്‍ സതീശന്‍ സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *