പട്ടാപ്പകല്‍ തോക്കുചൂണ്ടി കാര്‍ യാത്രികരില്‍നിന്ന് 2 ലക്ഷം കവര്‍ന്നു

പട്ടാപ്പകല്‍ തോക്കുചൂണ്ടി കാര്‍ യാത്രികരില്‍നിന്ന് 2 ലക്ഷം കവര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ സിനിമയെ വെല്ലും വിധത്തില്‍ തോക്കുചൂണ്ടി രണ്ടുലക്ഷത്തോളം രൂപ കവര്‍ന്നു. കാറില്‍ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവര്‍ത്തകനേയും തടഞ്ഞുനിര്‍ത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഓണ്‍ലൈന്‍ ടാക്സിയായ ഒല കാബില്‍ ഗുഡ്ഗാവിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. ഡെലിവറി ഏജന്റ് പട്ടേല്‍ സാജന്‍ കുമാര്‍ സഹപ്രവര്‍ത്തകനായ ജിഗര്‍ പട്ടേല്‍ എന്നിവരില്‍ നിന്നാണ് പണം അപഹരിച്ചത്. ചാന്ദ്‌നി ചൗക്കിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

പ്രഗതി മൈതാനം തുരങ്കത്തിനുള്ളില്‍ റിങ് റോഡ് ടണലില്‍ കയറിയപ്പോള്‍ മുതല്‍ രണ്ടുബൈക്കിലായി നാലുപേര്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. തുരങ്കത്തിലെ വളവില്‍വെച്ച് ബൈക്കുകള്‍ വട്ടംനിര്‍ത്തിയാണ് കാര്‍ തടഞ്ഞത്. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നവര്‍ ഇറങ്ങി ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നേരെ തോക്കുചൂണ്ടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഓരാള്‍ ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റൊരാള്‍ കാറിന്റെ പിറകിലെ സീറ്റില്‍നിന്ന് പണം അപഹരിക്കുകയായിരുന്നു. തുടര്‍ന്ന് നാലുപേരും ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. നോയിഡയിലേക്ക് പോകുന്ന ഭാഗത്തേക്കാണ് പണം കവര്‍ന്നവര്‍ ബൈക്ക് ഓടിച്ചുപോയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *