കാൻസർ ചികിത്സാ രംഗത്ത് കേരളത്തിന്റെ ആചാര്യനായിരുന്ന ഡോ. എം.കൃഷ്ണൻ നായർക്ക് പ്രണാമം. കാൻസർ ചികിത്സ അത്രയൊന്നും വ്യാപകമാകാതിരുന്ന കാലത്ത് തിരുവനന്തപുരത്ത് ആർസിസി സ്ഥാപിക്കാനും, സ്ഥാപക ഡയറക്ടറായി ഇരുന്ന് കാൻസർ രോഗികൾക്ക് എല്ലാ വിധ ചികിത്സയും നൽകി അവരെ പുതു ജീവിതത്തിലേക്ക് നയിക്കാൻ വഴികാട്ടിയ മഹാനുഭാവനായിരുന്നു അദ്ദേഹം. കേരളത്തിലെ കാൻസർ ചികിത്സക്ക് ദിശാബോധം നൽകുകയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ രോഗികൾക്ക് നൽകുകയും ചെയ്ത മഹാ വ്യക്തിത്വമായിരുന്നു എം.കൃഷ്ണൻ നായർ. ഏഷ്യയിലെ മികച്ച അർബുദ ചികിത്സാ കേന്ദ്രമായി ആർസിസിയെ വളർത്തിയെടുക്കുന്നതിൽ ഡോ.കൃഷ്ണൻനായരുടെ പങ്ക് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. പാശ്ചാത്യ രാജ്യങ്ങൾ ഇന്ന് കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ചികിത്സാ മാർഗ്ഗങ്ങൾ കാൽനൂറ്റാണ്ട് മുമ്പ്തന്നെ ആർസിസിയിലൂടെ നടപ്പാക്കി എന്നത് മേത്തരം ചികിത്സ നൽകി രോഗികളെ രക്ഷിക്കാനുള്ള ആ വലിയ മനസിന്റെ ദീർഘ ദർശനം തന്നെയാണ്. കുട്ടികൾക്കായി ആർസിസിയിൽ ആരംഭിച്ച പ്രത്യേക ഡിപ്പാർട്ട്മെന്റ് ഇന്നും ലോകോത്തര നിലവാരമുള്ളതായി നിലനിൽക്കുന്നു. ലോകത്തെ മുൻനിര കാൻസർ ചികിത്സാലയങ്ങൾ സന്ദർശിച്ച് അവിടുത്തെ രീതികൾ പഠിച്ച്, തന്റെ നാട്ടിലും മികച്ച മാതൃകയും ആശയങ്ങളും പ്രാവർത്തികമാക്കാൻ അദ്ദേഹം നിരന്തരമായി കർമ്മ പഥത്തിലായിരുന്നു. കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാന്ത്വന ചികിത്സ. സാന്ത്വന ചികിത്സ(പെയിൻ ആന്റ് പാലിയേറ്റീവ്) കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു. രോഗം മാറുമ്പോഴും രോഗാവസ്ഥയിലും രോഗിക്ക് വേണ്ട ഒന്നാണ് സാന്ത്വന ചികിത്സ. ഈ രീതി കേരളത്തിൽ ഏറെ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. കാൻസർ ചികിത്സ പൊതുവെ ചിലവേറിയതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പലപ്പോഴും മികച്ച ചികിത്സ ലഭിക്കാത്തതും ഇതിനാലാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് 101 രൂപ അടച്ചാൽ ആജീവനാന്ത കാൻസർ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി അദ്ദേഹം നടപ്പിലാക്കിയത്.
കാൻസർ ചികിത്സക്ക് മറ്റ് ചികിത്സാ രീതികൾ നടപ്പാക്കുന്നതിൽ അദ്ദേഹം എതിരായിരുന്നില്ല. ആർസിസിയിൽ മറ്റ് ചികിത്സ നടത്താനുള്ള റൂം സൗകര്യം അദ്ദേഹം നൽകി എന്ന് പറയുമ്പോൾ ചികിത്സകളുടെ ഏകീകരണത്തിലൂടെ രോഗം ചെറുക്കാനാകുമെങ്കിൽ അതുവേണമെന്ന ദർശനമാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. ഈ രീതിക്ക് ഇന്ന് ചികിത്സാ രംഗത്തുള്ള വിവിധ ശാഖകൾ യോജിക്കുന്നില്ല എന്നതും ഖേദകരം തന്നെയാണ്.
ആർസിസി എന്ന മഹാസ്ഥാപനത്തിന്റെ സ്ഥാപക ഡയരക്ടറായ അദ്ദേഹത്തിന്റെ നാമം ആ സ്ഥാപനത്തിന് സർക്കാർ ഇടുമെന്ന് നമുക്ക് പ്രത്യാശിക്കാം. എം.കൃഷ്ണൻ നായർക്ക് മികച്ച മേഖലകളിലേക്ക് അവസരമുണ്ടായിരുന്നിട്ടും സ്വന്തം നാടിനായാണ് അദ്ദേഹം നിലകൊണ്ടത്. ഭിഷഗ്വരൻമാരിൽ ചിലരെങ്കിലും വലിയ ഓഫറുകൾ ലഭിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ ജോലി തേടുമ്പോൾ അദ്ദേഹം ഇവിടെ നാടിനായി പ്രവർത്തിച്ചു.