ആധുനീക വിദ്യാഭ്യാസത്തിന് അടിത്തറയിട്ടത് ശ്രീനാരായണ ഗുരു: അഡ്വ.കെ.സത്യന്‍

ആധുനീക വിദ്യാഭ്യാസത്തിന് അടിത്തറയിട്ടത് ശ്രീനാരായണ ഗുരു: അഡ്വ.കെ.സത്യന്‍

തലശ്ശേരി: വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ രാജ്യത്തിന് മാതൃകയായി മാറിയ കേരളം കൈവരിച്ച ഔന്നത്യത്തിന് അടിത്തറ പാകിയത് ഗുരുദേവന്റെ ശക്തമായ ഇടപെടലുകളും ദര്‍ശനങ്ങളുമായിരുന്നുവെന്ന് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി. യൂണിയന്‍ തലശ്ശേരി ശാഖയുടെ വിജയോത്സവ്-2023 ഗവ: ബ്രണ്ണന്‍ ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍പള്ളിക്കൂടമെന്ന ആശയം പോലും ഗുരുദേവന്റേതാണ്. വിദ്യാഭ്യാസത്തിനുളള സ്‌കോളര്‍ഷിപ്പിന്റേയും ഉപജ്ഞാതാവ് ഗുരു തന്നെയായിരുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും, ഇന്ന് നിലനില്‍ക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉന്നതങ്ങള്‍ വെട്ടിപ്പിടിക്കാനും നമ്മുടെ കുട്ടികള്‍ക്ക് കഴിയണം. രാജ്യത്തിന്റെ ഭാവിയെ പോലും തകര്‍ക്കുന്ന രാസലഹരി തന്നെയാണ് കൗമാര-യൗവ്വനങ്ങള്‍നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അറിവ് ജീവിതത്തിലുടനീളം സ്വായത്തമാക്കാനുള്ള ശീലം, ചെറുപ്രായത്തിലേ കൈവരിക്കാനായാല്‍ ഉത്തമ പൗരന്‍മാരായി വളരാന്‍ പുതുതലമുറയ്ക്കാവും. അറിവ് ജ്ഞാനവും ആനന്ദവുമാണെന്ന് ഗുരു തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. ലക്ഷ്യബോധവും, നിശ്ചയദാര്‍ഢ്യവും സ്വായത്തമാക്കിയാല്‍ ജീവിത വിജയം സുനിശ്ചിതമാണെന്ന് അഡ്വ. സത്യന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി. യൂണിയന്‍ തലശ്ശേരി ശാഖയുടെ വിജയോത്സവ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളേയും, നാഷണല്‍ ഹൈയസ്റ്റ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ കേരള കൗമുദി യൂണിറ്റ് ചീഫ് ഒ.സി. മോഹന്‍ രാജ്, പുതുചേരി സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് ജേതാവ് ചാലക്കര പുരുഷു, എം.ഡി.എസ്. ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി വിഭാഗത്തില്‍ ഒന്നാം റാങ്കും രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡലും നേടിയ ഡോ. അഖിന പ്രദീപ് എന്നിവരെ അനുമോദിച്ചു. പരമ്പരാഗതമായ കോഴ്‌സുകള്‍ക്കുമപ്പുറം, നൂതനമായ പ്രൊഫഷണല്‍ കോഴ്‌സുകളെക്കുറിച്ച് അറിയാനും, സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനും നമ്മുടെ കുട്ടികള്‍ക്ക് സാധിക്കണമെന്ന് മുഖ്യാതിഥിയായ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഓര്‍മ്മിപ്പിച്ചു.

അംഗീകാരങ്ങള്‍ പ്രചോദനങ്ങളായി മാറണമെന്നും, ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും അരയാക്കണ്ടി പറഞ്ഞു. ജീവിതത്തിന്റെ പിന്നോക്കാവസ്ഥയില്‍ നിന്നും ആയിരങ്ങളെ വളര്‍ച്ചയുടെ പടവുകളിലെത്തിക്കാന്‍ മൈക്രോ ഫൈനാന്‍സ് പദ്ധതി കൊണ്ട് സാധിതമായിട്ടുണ്ടെന്ന് അരയാക്കണ്ടി ചൂണ്ടിക്കാട്ടി. ഗവ: ബ്രണ്ണന്‍ ടീച്ചേര്‍സ് ട്രെയിനിങ്ങ് സെന്ററില്‍ നടന്ന വിജയോത്സവ് പരിപാടിയില്‍ യൂണിയന്‍ ആക്ടിങ്ങ് പ്രസിഡണ്ട് ജിതേഷ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.
മൈക്രോ ഫിനാന്‍സിന്റെ വിതരണവും അഡ്വ: കെ. സത്യന്‍ നിര്‍വ്വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി. കെ.എം. ധര്‍മ്മപാലന്‍, രവീന്ദ്രന്‍ മുരിക്കോളി, പി.വി. ലക്ഷ്മണന്‍, ടി.വി.രാഗേഷ്, അര്‍ജുന്‍ അരയാക്കണ്ടി, ശശീന്ദ്രന്‍ പാട്യം, പി.പി.ജയകുമാര്‍, കെ.പി.രതീഷ് ബാബു, കെ.വി. വിവേകന്‍, തനൂജ സുഭാഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.ശശിധരന്‍ സ്വാഗതവും, ഡയറക്ടര്‍ കെ.ജി. ഗിരീഷ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *