സി.എച്ച് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടു വെക്കുന്നത് ജനസേവനത്തിന്റെയും മാനവികതയുടെയും ഉന്നതമായ മാര്‍ഗ്ഗദര്‍ശനം: സാദിഖലി ശിഹാബ് തങ്ങള്‍

സി.എച്ച് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടു വെക്കുന്നത് ജനസേവനത്തിന്റെയും മാനവികതയുടെയും ഉന്നതമായ മാര്‍ഗ്ഗദര്‍ശനം: സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: മുസ്ലീം ലീഗ് ജീവകാരുണ്യമേഖലയില്‍ സി.എച്ചിന്റെയും ശിഹാബ് തങ്ങളുടെയുമെല്ലാം പേരില്‍ സേവനങ്ങള്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചിട്ടവട്ടങ്ങള്‍ക്ക് അപ്പുറത്ത് ജനസേവനത്തിന്റെയും മാനവികതയുടെയും ഉന്നതമായ മാര്‍ഗ്ഗ ദര്‍ശനങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രോഗ നിര്‍ണയത്തില്‍ ആധുനിക സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്ററില്‍ സജ്ജമാക്കിയ 32 സ്ലൈഡ് സി.ടി സ്‌കാന്‍, അള്‍ട്രാസൗണ്ട് ഡോപ്‌ളര്‍, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് ഉള്‍പ്പെടുന്ന നവീകരിച്ച ശിഹാബ് തങ്ങള്‍ ഡയഗ്‌നോസ്റ്റിക്ക് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കു പോലും സഹായങ്ങള്‍ നല്‍കുന്ന വിധത്തില്‍ ആശുപത്രികളെ സഹായിക്കുന്ന നയവുമായി മുന്നോട്ടു പോകാന്‍ പലപ്പോഴും സെന്ററിന് സാധിച്ചിട്ടുണ്ട്. ഒറ്റപ്പെടുന്നു എന്ന തോന്നല്‍ മനുഷ്യരില്‍ ഉണ്ടാകുമ്പോള്‍ അവരെ കൂടെ കൂട്ടുകയെന്ന യഥാര്‍ത്ഥ മനുഷ്യത്വമാണ് സി.എച്ച് സെന്റര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങളോട് കൂടുതല്‍ പറയാതെ തന്നെ അവര്‍ സ്വയം സജ്ജരായി സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നു എന്നത് അഭിമാനമുള്ള കാര്യമാണെന്നും ഒരു കാലഘട്ടത്തിന്റെ നവോത്ഥാന നായകനായ സി.എച്ച് മുഹമ്മദ് കോയയുടെ അനശ്വരമായ സ്മരണയാണ് സി.എച്ച് സെന്ററിലൂടെ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. അല്‍ട്രാ സൗണ്ട് സ്‌കാനിംങ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും എക്‌സ്‌റേ യൂണിറ്റ് ഡോ.എം.കെ മുനീര്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 28 ലക്ഷം രൂപ വിലവരുന്ന അല്‍ട്രാ സൗണ്ട് സ്‌കാനിംങ് മെഷിന്‍ സ്‌പോണ്‍സര്‍ ചെയ്ത സി.എച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ ഫണ്ട് ആദ്യ ഗഡുവും ഡയാലിസിസ് മെഷിന് ജിദ്ദ തുവല്‍ കെ.എം.സി.സി നല്‍കുന്ന ഫണ്ടും തങ്ങള്‍ക്ക് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്‍, ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, ദമാം ചാപ്റ്റര്‍, ജിദ്ദ തുവല്‍ കെ.എം.സി.സി, കുവൈത്ത് കെ.എം.സി.സി പ്രതിനിധികളായ ടി.പി മൊയ്തീന്‍, കണ്ടലക്കാടന്‍ അബ്ദുല്‍ ഗഫൂര്‍, സിറാജ് എരഞ്ഞിക്കല്‍, ആശിഖ് ചെലവൂര്‍ ,പ്രഹ്‌ളാദന്‍ എന്നിവര്‍ സംസാരിച്ചു. സെന്റര്‍ പ്രസിഡന്റ് കെ.പി കോയ ഹാജി സ്വാഗതവും ട്രഷറര്‍ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ല, മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍, മെഡിക്കല്‍ കോളേജ് വകുപ്പുതല മേധാവികള്‍, കനിവ് ,സഹായി, ഐ.എസ്.എം തുടങ്ങിയ സന്നദ്ധ സംഘടന പ്രതിനിധികള്‍, സെന്റര്‍ ഭാരവാഹികളായ പി.എന്‍.കെ അഷ്‌റഫ്, കെ.മൂസ മൗലവി, സഫ അലവി, അരിയില്‍ മൊയ്തീന്‍ ഹാജി, കെ.മരക്കാര്‍ ഹാജി, ഒ. ഹുസൈല്‍, ജനറല്‍ മാനേജര്‍ അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *