ഒരിടവേളയ്ക്ക് ശേഷം അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. ആനയെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് വേണ്ടി അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നേരത്തെ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി അക്രമം നടത്തിയ ആനയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ആനയുടെ ചിത്രം തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കടുവാ സങ്കേതവുമായി ആന ഇണങ്ങിക്കഴിഞ്ഞെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ആന രണ്ടാഴ്ച കൊണ്ട് ക്ഷീണിച്ചെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നു.
ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും. കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്.