ആപ്പിളിന്റെ പണമിടപാട് സേവനമായ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. യുപിഐ അധിഷ്ടിത സേവനങ്ങളും കൂടി ഉൾപ്പെടുത്തിയാവും ആപ്പിൾ പേ എത്തുക. ഇതുമായി ബന്ധപ്പെട്ട് കമ്പനി നാഷണൽ പേമന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ.) ചർച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 77 ഓളം രാജ്യങ്ങളിൽ ആപ്പിൾ പേ സേവനങ്ങൾ ലഭ്യമാണ്. പ്രധാനമായും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും, വാലറ്റുകളും ഉപയോഗിച്ചാണ് മറ്റ് രാജ്യങ്ങളിലെ ആപ്പിൾ പേ സേവനങ്ങൾ. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ യുപിഐ അധിഷ്ഠിതമായിരിക്കും.
ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമാണ് ആപ്പിൾ പേ ഉപയോഗിക്കാനാവുക. ഇതുമായി ബന്ധപ്പെട്ട് ആപ്പിളോ എൻ.പി.സിഐയോ പ്രതികരിച്ചിട്ടില്ല.
പി.ഒ.എസ്. യന്ത്രക്കൾക്കരികെ ഐ ഫോണോ ആപ്പിൾ വാച്ചോ ചേർത്തുവെച്ച് പണമിടപാട് നടത്താനാവുന്ന എൻ.എഫ്.സി. സാങ്കേതികവിദ്യയും ആപ്പിൾ പേ പിന്തുണയ്ക്കും. ജിപേ. പേടിഎം ഉൾപ്പടെയുള്ള സേവനങ്ങളായിരിക്കും ആപ്പിൾ പേയുടെ ഇന്ത്യയിലെ മുഖ്യ എതിരാളികൾ.