ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസ് ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ. ജൂൺ 27 നാണ് നിഖിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അതിന് മുമ്പ് 26ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിഖിൽ ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സർട്ടിഫിക്കറ്റ് നൽകിയ സ്ഥലം, നിഖിൽ പഠിച്ചിരുന്ന കായംകുളം എം.എസ്.എം കോളേജ്, കേരള സർവകലാശാല, കോഴിക്കോട് ഒളിവിൽ താമസിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കാണിച്ച് 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി പാലാരിവട്ടത്തെ ഓറിയോൺ ഏജൻസി എന്ന സ്ഥാപനത്തിൽനിന്നാണ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നാണ് നിഖിലിന്റെ മൊഴി. സുഹൃത്തും മുൻ എസ്.എഫ്.ഐ. ഏരിയ നേതാവുമായ അബിൻ വഴിയാണ് ഇത് സംഘടിപ്പിച്ചതെന്നും രണ്ടുലക്ഷം രൂപ ഇതിനായി നൽകിയെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ അബിനെയും കേസിൽ പ്രതിചേർത്തേക്കും. ഇയാൾ ഇപ്പോൾ മാലിദ്വീപിൽ ജോലിചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിച്ച് പോലീസ് ചോദ്യംചെയ്യും.