കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കരിങ്കല്‍ കൊടിമരമുള്ള മാനാംകുന്ന് ശ്രീ മഹാദേവ ക്ഷേത്രം മറ്റൊരു ചരിത്രത്തിന് വഴിമാറുകയാണ്. പഞ്ചലോഹത്തില്‍ നിര്‍മിച്ച ഭാരതത്തിലെ ഏറ്റവും വലിയ മഹാ നന്ദീശ്വരനെ പ്രതിഷ്ഠിക്കുന്നക്ഷേത്രത്തിന്റെ ശിലാന്യാസം 28ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
12 അടി ഉയരവും 18 അടി നീളവും ഒമ്പതടി വീതിയുമുള്ള പഞ്ചലോഹ നന്ദീശ്വരനെ പ്രതിഷ്ഠിക്കുന്ന ക്ഷേത്രത്തിന്റെ ശിലാന്യാസം മഹാസന്യാസി ശ്രേഷ്ഠന്‍മാരായ കാസര്‍കോട് ഇടനീര്‍മഠം മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ശ്രീമദ് സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ശ്രീ ശ്രീ ശ്രീമദ് യോഗാനന്ദ സരസ്വതി സ്വാമികള്‍ കൊണ്ടാവൂര്‍, ശ്രീമദ് വിവേകാമൃതാനന്ദപുരി സ്വാമികള്‍ ഉള്‍പ്പെടെ നിരവധി സന്യാസി വര്യന്‍മാരുടെ കാര്‍മികത്വത്തിലും സാമൂഹിക-സാംസ്‌കാരിക പ്രമുഖന്‍മാരുടെ നേതൃത്വത്തിലും 28ന് രാവിലെ 9.30ന് 10.30നും ഇടയില്‍ ക്ഷേത്രത്തില്‍ നടക്കും.
പ്രമുഖരായ 54 പേര്‍ ഒരേസമയം ശിലാന്യാസം നടത്തുന്നുവെന്ന പ്രത്യേകത ഇതിനുണ്ട്. ശിലാന്യാസത്തോടനുബന്ധിച്ച് 26, 27 തിയതികളില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ വച്ച് നവചണ്ഡികാഹോമവും നടക്കും. 27ന് വൈകീട്ട് ശ്രീമദ് അധ്യാത്മാനന്ദ സരസ്വതി സ്വാമികളുടെ കാര്‍മികത്വത്തില്‍ മാതൃപൂജയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വിവേകാനന്ദാമൃത സ്വാമികള്‍, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ സതീഷ്‌കുമാര്‍.ടി, ട്രസ്റ്റ് അംഗങ്ങളായ അശോകന്‍ മാസ്റ്റര്‍.കെ, മനോജ്കുമാര്‍, ജീവാനന്ദ്, ശ്രീധരന്‍ നായര്‍ മൂഴിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.