ഇന്ത്യയിലേക്കുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണം; ഓവര്‍സീസ് എന്‍.സി.പി നിവേദനം നല്‍കി

ഇന്ത്യയിലേക്കുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണം; ഓവര്‍സീസ് എന്‍.സി.പി നിവേദനം നല്‍കി

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഓവര്‍സീസ് എന്‍.സി.പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറിയും പ്രവാസി സെല്ലിന്റെ ചുമതല വഹിക്കുന്ന മുഹമ്മദ് ഫൈസല്‍ എം.പിക്ക് കൈമാറി. അടിയന്തര പ്രാധാന്യമുള്ള ഈ നിവേദനം കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജോതിരാദിത്യ സിന്ധ്യ, വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കര്‍ എന്നിവര്‍ക്ക് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേഗത്തില്‍ പ്രതീക്ഷിക്കുന്നതായും എം.പി അറിയിച്ചു. ഉയര്‍ന്ന നിരക്കു കാരണം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക അവധി ഉള്‍പ്പെടെ ഒഴിവാക്കി നാട്ടിലേക്ക് വരാന്‍ കഴിയാതെ വിദേശത്ത് തുടരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കോവിഡ് ഉള്‍പ്പെടെയുള്ള യാത്രാ നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ഭീമമായ തുകയാണ് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനക്കമ്പനികള്‍- ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇപ്പോള്‍ ഈടാക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും വരുമാനങ്ങള്‍ നിലച്ചതും വഴി വര്‍ഷങ്ങളായി നാട്ടിലേക്ക് കുടുംബത്തോടോപ്പം മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ഭീമമായ ടിക്കറ്റ് ചാര്‍ജ് താങ്ങാന്‍ കഴിയില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് ചില വിമാന കമ്പനികള്‍ ഈടാക്കുന്നത്. പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേഗത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ.എന്‍.സി.പി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *