രാജ്യത്തെ പിന്നില്‍നിന്ന് കുത്തി, വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകും: പുടിന്‍

രാജ്യത്തെ പിന്നില്‍നിന്ന് കുത്തി, വഞ്ചനയ്ക്ക് കടുത്ത മറുപടിയുണ്ടാകും: പുടിന്‍

മോസ്‌കോ: വാഗ്നര്‍ സേന തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്നതിനെതിരേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. രാജ്യത്തെയും ജനതയെയും പിന്നില്‍ നിന്ന് കുത്തുന്ന രീതിയാണിതെന്നും രാജ്യത്തിനെതിരായ ഏതൊരുനീക്കത്തിനും കടുത്ത മറുപടിയുണ്ടാകുമെന്നും പുടിന്‍ പറഞ്ഞു. വാഗ്‌നര്‍ ഗ്രൂപ്പിന്റെ കലാപശ്രമത്തെ രാജ്യദ്രോഹമെന്ന് വിളിച്ച പുടിന്‍, റഷ്യന്‍ സൈന്യത്തിനെതിരേ ആയുധമെടുക്കുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും ഓര്‍മിപ്പിച്ചു.

റഷ്യയെ സംരക്ഷിക്കാന്‍ എന്തും ചെയ്യും. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ സായുധസേനയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും നല്‍കിക്കഴിഞ്ഞു. റോസ്‌തോവില്‍ സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാന്‍ നിര്‍ണായക നടപടികളിലേക്ക് കടന്നതായും പുടിന്‍ വ്യക്തമാക്കി. പലരുടേയും വ്യക്തിഗത താല്‍പ്പര്യങ്ങള്‍ റഷ്യയെ ഒറ്റുകൊടുക്കുന്നതിലേക്കും സ്വകാര്യ സായുധ സംഘങ്ങള്‍ രാജ്യത്തിനെതിരേ പോരാടുന്നതിലേക്കും നയിച്ചതായും പുടിന്‍ ആരോപിച്ചു. റോസ്‌തോവില്‍ ശനിയാഴ്ച രാവിലെ മുതലുണ്ടാകുന്ന സംഭവങ്ങളെ കലാപമെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. റോസ്‌തോവിലെ സ്ഥിതി മോശമാണെന്നും അത് അതിര്‍ത്തി മേഖലയിലെ ഭരണസംവിധാനത്തിന്റേയും സൈന്യത്തിന്റേയും പ്രവര്‍ത്തനം തടഞ്ഞുവച്ചിരിക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. നിക്ഷിപ്ത താത്പര്യത്തിനായി രാജ്യത്തിനെതിരായ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുന്നവരോട് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നെതിരായ റഷ്യന്‍ നീക്കങ്ങളില്‍ മുന്‍നിരയിലായിരുന്നു വാഗ്‌നര്‍ സേനയുടേയും തലവന്‍ പ്രിഗോഷിന്റേയും സ്ഥാനം. പുടിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പ്രിഗോഷിന്‍ പക്ഷേ ഏതാനും നാളായി റഷ്യന്‍ സൈനിക മേധാവികള്‍ക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കാറുണ്ട്. ഉക്രെയ്‌നിലെ പോരാട്ടത്തിന് ആയുധങ്ങള്‍ നല്‍കാത്തതും വാഗ്‌നര്‍ സൈനികര്‍ കൊല്ലപ്പെട്ടതും പ്രകോപനത്തിന് കാരണമായിരുന്നു. ബഖ്മുത്തിലെ മുന്നേറ്റങ്ങള്‍ക്ക് പിന്നാലെ ഇരുകൂട്ടര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ രൂക്ഷമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *