കലാപത്തിന് ശമനമില്ലാതെ മണിപ്പൂര്‍; തുടര്‍ച്ചയായ മൂന്നാം ദിവസവും സൈന്യവും അക്രമികളും ഏറ്റുമുട്ടി

കലാപത്തിന് ശമനമില്ലാതെ മണിപ്പൂര്‍; തുടര്‍ച്ചയായ മൂന്നാം ദിവസവും സൈന്യവും അക്രമികളും ഏറ്റുമുട്ടി

ഇംഫാല്‍: മണിപ്പൂരില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും സുരക്ഷാ സേനയും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടി. കിഴക്കന്‍ ഇംഫാല്‍, കാങ്പോക്പി ജില്ലകളിലാണ് വെടിവയ്പ്പ് കനക്കുന്നത്. ബി.എസ്.എഫിന്റെയും സൈന്യത്തിന്റെയും സംയുക്ത പട്രോളിങ് ടീമും തിരിച്ചറിഞ്ഞിട്ടില്ലാത്ത കലാപകാരികളുടെ സംഘവും തമ്മില്‍ തുടര്‍ച്ചയായി ഏറ്റുമുട്ടുകയാണ്.
കിഴക്കന്‍ ഇംഫാലില്‍ വെടിവയ്പ്പ് നടന്നുകൊണ്ടിരിക്കെയായിരുന്നു കാങ്പോക്പി ജില്ലയിലും ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രശ്നബാധിത മേഖലയില്‍ സൈന്യത്തെ കൂടുതലായി വിന്യസിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തില്‍ ഈ നീക്കങ്ങള്‍ തടയുകയാണ്. യായിന്‍ഗാങ്‌പൊക്പി, സെയ്ജാങ് പ്രദേശങ്ങളിലേക്ക് അധിക സുരക്ഷാ സേനയെത്തുന്നതിനെതിരേ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. സൈനികരുമായെത്തുന്ന വണ്ടികളെ തടയുകയും ചെയ്തു. ഇത് പെട്ടെന്ന് തിരിച്ചടിക്കുന്നതില്‍ സൈന്യത്തിന് വെല്ലുവിളിയാണ്.

കിഴക്കന്‍ ഇംഫാലിലെ ഉറങ്പട്, കാങ്പോക്പിയിലെ യായിന്‍ഗാങ്‌പൊക്പി ജില്ലകളിലായിരുന്നു വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു കൂട്ടം ആയുധധാരികളായ അക്രമകാരികള്‍ ഉറങ്പട്, ഗ്വാല്‍ടാബി ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി നുഴഞ്ഞ് കയറുകയായിരുന്നു. ഇവര്‍ ഗ്രാമീണ മേഖലകളില്‍ വിന്യസിച്ചിരുന്ന സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചതോടെ ഏറ്റുമുട്ടല്‍ കനത്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് മേഖലയിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള താമസക്കാര്‍ ദിവസങ്ങള്‍ മുന്‍പ് തന്നെ മറ്റിടങ്ങളിലേക്ക് മാറിയിരുന്നതിനാല്‍ ആളപായങ്ങളൊന്നും ഉണ്ടായില്ല.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. കലാപം നിയന്ത്രണവിധേയമാകാത്തതിനാല്‍ കഴിഞ്ഞ അന്‍പതിലധികം ദിവസങ്ങളായി മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനമാണ്. ജൂണ്‍ 25 വരെയാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *