കോഴിക്കോട്: സഹകരണ മേഖലയിലടക്കം നാടിന്റെ വികസനത്തിനനുയോജ്യമായ സംരംഭങ്ങൾ വളർത്തിയെടുക്കാൻ ഭരണാധികാരികൾ സഹായിക്കണമെന്ന് ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.കോഴിക്കോട് റെയിൽവേസ്‌റ്റേഷൻ ക്രോസ്‌റോഡിൽ ലാഡർ പണികഴിപ്പിച്ച കെട്ടിടം നിയമത്തിന്റെ നൂലാമാലയിൽപ്പെട്ട് രണ്ട് വർഷം കഴിഞ്ഞ് ഹൈക്കോടതി ഇടപെട്ടാണ് അനുകൂല ഉത്തരവ് ലഭിച്ചത്. സ്വകാര്യവ്യക്തിക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ ആത്മഹത്യ ചെയ്യുമായിരുന്നു. കേരള ലാൻഡ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ)യുടെ ദ് ടെറസ് ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിൽ പണിപൂർത്തിയാവാത്ത കെട്ടിടങ്ങളുടെ സർവ്വേ നടത്തണം. കടവും വായ്പയുമെടുത്താണ് പലരും നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ഭരണാധികാരികൾ മാത്രം നന്നായിട്ട് കാര്യമില്ല. ഉദ്യോഗസ്ഥരുടെ മനോഭാവം കൂടി മാറണമെന്നദ്ദേഹം ഓർമ്മിപ്പിച്ചു. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരൊഴിച്ച് മറ്റിതര വകുപ്പുകളിലെ ജീവനക്കാരിലൊരു വിഭാഗം അഴിമതിയുടെ ഭാഗമാകുന്നുണ്ട്. ഇതെല്ലാം മാറാതെ നാട്ടിൽ യഥാർത്ഥ വികസനം സാധ്യമാകില്ല. സഹകരണ മേഖലയിലൂടെ പുതിയ തലങ്ങൾ സൃഷ്ടിക്കാനാകുമെന്നതിന്റെ തുടക്കമായിരുന്നു ലാഡറിന്റെ രൂപീകരണം.
ഇന്ത്യാ ചരിത്രത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ സ്റ്റാർ ഹോട്ടൽ സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ലാഡറിന്റെ ഹോട്ടൽ സംരംഭം നവംബറിൽ മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ഹൗസിങ് സമുച്ചയം പൂർത്തിയായി വരുന്നുണ്ട്. സഹകരണ വകുപ്പ് മന്ത്രി കാര്യങ്ങൾ നന്നായി പഠിക്കുന്ന വ്യക്തിയാണ്. സഹകരണ മേഖലയിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സഹകരണ സ്ഥാപനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സഹകാരികളുടെ ഓണറേറിയം പരിമിതമാണ്. ലാഡറിന്റെ ഇരുപതോളം പ്രൊജക്ടുകൾ പുരോഗതിയിലാണ്. പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് പകരം തുടങ്ങിയത് നന്നായി തീർക്കും. സഹകരണ മേഖലയിലും ചില പുഴുക്കുത്തുകൾ ഉണ്ട്. സഹകരണ സ്ഥാപനം ആരാണ് നടത്തുന്നത്, എങ്ങിനെയാണ് നടത്തുന്നത് എന്നത് നോക്കിയാണ് ജനങ്ങൾ വിശ്വാസമർപ്പിക്കുക, കേരളത്തിൽ ടൂറിസം സഹകരണ മേഖലയിൽ അനന്ത സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.