50 ദിവസം പിന്നിട്ടിട്ടും സംഘര്‍ഷത്തിന് അയവില്ലാത്തതിനെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്
ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തോടനുബന്ധിച്ച് സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 50 ദിവസങ്ങള്‍ക്ക് ശേഷവും കലാപത്തിന് അയവില്ലാത്തതിനാല്‍ സംസ്ഥാത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായതിന് ശേഷമുള്ള ആദ്യ സര്‍വകക്ഷി യോഗമാണിത്. ജൂണ്‍ 24ന് ഡല്‍ഹിയിലാണ് യോഗം ചേരുക.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബുധനാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം. നിലവിലെ സാഹചര്യവും സംഘര്‍ഷഭരിതമായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള വഴികളും ആലോചിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. അക്രമം അവസാനിപ്പിക്കുന്നതിനായി അമിത് ഷാ കഴിഞ്ഞ മാസം സംസ്ഥാനം സന്ദര്‍ശിക്കുകയും മേയ്തി, കുകി വിഭാഗങ്ങളുടെ പ്രതിനിധികളുമായി നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കലാപം ആസൂത്രിതമാണെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ട് മണിപ്പുരില്‍ നിന്നുള്ള 10 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.
അതിനിടെ, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നോങ്തോമ്പം ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം, മണിപ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മണിപ്പൂര്‍ വിഷത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരേ പ്രതിപക്ഷവും മണിപ്പൂരില്‍നിന്നുള്ള ബി.ജെ.പി അംഗങ്ങളും പ്രതിഷേധത്തിലായിരുന്നു. കലാപത്തില്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
”നിലവിലുള്ള അക്രമങ്ങളില്‍ 100-ലധികം നിരപരാധികളുടെ ജീവന് നഷ്ടപ്പെടുകയും സ്വത്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും താഴെത്തട്ടില്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. നിലവിലെ സര്‍ക്കാരിലും ഭരണ സംവിധാനത്തിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമവാഴ്ചകള്‍ പാലിച്ചുകൊണ്ട് ശരിയായ ഭരണത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുമുള്ള ചില പ്രത്യേക നടപടികളും ചെയ്യേണ്ടതാണ്. അതിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാം,”-പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.