ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ വിജയമാഘോഷിച്ചത്. കാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക് നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളും രണ്ടാം പകുതിയിൽ മൂന്നാമത്തെ ഗോളും നേടിയത് സുനിൽ ഛേത്രിയാണ്. ഉദാന്ത സിങാണ് നാലാമത്തേ ഗോളടിച്ചത്.
പാകിസ്ഥാനെതിരെ ഇറങ്ങിയ ശക്തമായ ടീമിൽ മലയാളി താരങ്ങളായ, സഹൽ അബ്ദുൾ സമദും ആഷിക് കരുണിയനും ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു.
പത്താം മിനിറ്റിലും 16ാം മിനിറ്റിലുമായിരുന്നു ഛേത്രിയുടെ ആദ്യ ഗോളുകൾ. 45-ാം മിനിറ്റിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത് കാണികൾക്ക് അപ്രതീക്ഷിത നിമിഷങ്ങൾ സമ്മാനിച്ചു. കയ്യാങ്കളിയിലേക്ക് സംഭവം നീങ്ങിയതോടെ റഫറി ഇടപെടുകയും ഇന്ത്യൻ കോച്ച് സ്റ്റീമാച്ചിനെ ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയുമായിരുന്നു. പാക് പരിശീലകന് മഞ്ഞക്കാർഡും നൽകി.
രണ്ടാം പകുതിയിലും ആവേശത്തോടെ കളിച്ച ഇന്ത്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല. 73ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചതോടെ ഛേത്രി അവസരം പാഴാക്കിയില്ല. മൂന്നാം ഗോൾ അവിടെ വീണു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഛേത്രിയുടെ നാലാം ഹാട്രിക് ആണിത്. പിന്നാലെ 81-ാം മിനിറ്റിൽ ഉദാന്ത സിങ് നാലാം ഗോൾ നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.