ബാംഗ്ലൂർ: സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റില് ഇന്ത്യാ-പാക്ക് മത്സരത്തിനിടെ കയ്യാങ്കളി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ താരങ്ങളും പരിശീലകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാർഡ് വിധിച്ചു.
ആരാധകർ ഏറെ കാത്തിരുന്ന മത്സരത്തിന്റെ 45-ാം മിനിറ്റിലാണ് അപ്രതീക്ഷിത സംഭവങ്ങൾ. ഇന്ത്യൻ താരം പ്രീതം കോട്ടാലിനെ മറികടന്ന് പാകിസ്താൻ താരം ഇഖ്ബാൽ പന്തെടുക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് ലൈൻ കടന്ന് പുറത്തേക്ക് പോയി. പെട്ടെന്ന് പന്തെടുത്ത് ഇഖ്ബാൽ ത്രോ ചെയ്യാൻ ശ്രമിക്കവെ ഇന്ത്യൻ കോച്ച് സ്റ്റിമാച്ച് താരത്തിൽ നിന്ന് പന്ത് തട്ടിപ്പറിച്ചു.
ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയർത്തു. ഇതോടെ, ഇന്ത്യൻ താരങ്ങളും കളത്തിലിറങ്ങി. തുടർന്ന് സംഭവം കൈവിട്ടുപോയി കയ്യാങ്കളിയിലെത്തി.
ഒടുവിൽ റഫറി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സ്റ്റിമാച്ചിന് റഫറി ചുവപ്പുകാർഡ് നൽകി. അദ്ദേഹത്തിന് പുറത്തുപോവേണ്ടി വന്നു. പാകിസ്താൻ പരിശീലകന് റഫറി മഞ്ഞക്കാർഡ് വിധിച്ചു. ഇന്ത്യൻ അസിസ്റ്റന്റ് കോച്ചായ മഹേഷ് ഗൗളിയ്ക്കും കിട്ടി മഞ്ഞക്കാർഡ്.
പിന്നീട് മത്സരം തുടരുന്നതിനിടെ ഇന്ത്യൻ താരമായ സന്ദേശ് ജിംഗാനും പാകിസ്താന്റെ റഹീസ് നബിയ്ക്കും റഫറി മഞ്ഞക്കാർഡ് നൽകി. പ്രശ്നം പറഞ്ഞുതീർത്ത് ആലിംഗനം ചെയ്യുന്ന വേളയിലാണ് ഇരുവർക്കും മഞ്ഞക്കാർഡ് കിട്ടിയത്. വൈകാതെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയിൽ സുനിൽ ഛേത്രി നേടിയ രണ്ട് ഗോളിൽ ഇന്ത്യയായിരുന്നു മുന്നിൽ.