മഴക്കെടുതി: എല്ലാവരും കൂട്ടായ്മയോടെ പ്രവർത്തിക്കണം  മന്ത്രി പി.എ മുഹമ്മദ് റിയാസ്

മഴക്കെടുതി: എല്ലാവരും കൂട്ടായ്മയോടെ പ്രവർത്തിക്കണം മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മഴക്കെടുതിയിൽ പൊതുജനങ്ങൾ വളരെയേറെ പ്രയാസമനുഭവിക്കുന്ന വേളയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ കൂട്ടായ്മയോടെ പ്രവർത്തിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ മാറ്റണമെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കെടുതിയിൽ ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്താനായി ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഴക്കെടുതിയിൽ വീടുകളിൽ നിന്നും താൽക്കാലികമായി ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ല. അവരുടെ മാനസികാവസ്ഥ മനസിലാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ബന്ധുവീടുകളിൽ കഴിയുന്നവരെ നേരിൽ കണ്ട് അവരുടെ പ്രയാസങ്ങൾ മനസിലാക്കണം. ക്യാമ്പുകളിൽ കോവിഡ് സാഹചര്യം കൂടി മനസിലാക്കിയുള്ള പ്രവർത്തനം നടത്തണം. നഗരത്തിൽ വെള്ളക്കെട്ട് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനൊരു ശാശ്വതമായ പരിഹാരം ആവശ്യമാണ്. ഡ്രയിനേജുകളിലെ തടസങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കണം. പ്രത്യേക ഡ്രൈവിലൂടെ ഡ്രയിനേജ് ക്ലീനിംഗ് നടത്തണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 18നകം ഡ്രയിനേജ് ക്ലീനിംഗ് പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
രണ്ട് ഡാമുകളാണ് ജില്ലയിലുള്ളത്. ഡാമുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണം. രക്ഷാബോട്ടുകൾ സജ്ജമാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ കലക്ടറുടെ നേതൃത്വത്തിൽ നല്ല നിലയിലുള്ള ഏകോപന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.മൂന്നാലിങ്കൽ ഡ്രയിനേജ് തടസം നീക്കാനാവശ്യമായ നടപടി ത്വരിതപ്പെടുത്താനും വെള്ളക്കെട്ടുമായി ബന്ധപ്പട്ട് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് അനന്തമായി നീളുന്ന പ്രവണത ഒഴിവാക്കണമെന്നും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ജില്ലയിലെ എല്ലാ ആശുപത്രി അധികൃതർക്കും അടിയന്തര സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായി ഡിഎംഒ ഡോ. വി. ജയശ്രി അറിയിച്ചു
തുലാവർഷത്തിന് മുമ്പ് വെള്ളക്കെട്ട് പരിഹരിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്നും പോലീസ് സേനയുടെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണർ എ.വി ജോർജ് പറഞ്ഞു.യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *