ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാനും നിലനിർത്താനും വിറ്റാമിൻ സഹായിക്കുന്നു. ക്യാൻസർ സെല്ലുകളുടെ വളർച്ച കുറയ്ക്കാനും അണുബാധ തടയാനും വിറ്റാമിൻ ഡി ക്ക് കഴിയുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. എല്ലുകളെ ആരോഗ്യത്തോടെയും ബലത്തോടെയും നിലനിർത്തുന്നതാണ് വിറ്റാമിൻ ഡിയുടെ പ്രധാന പങ്ക്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട വിറ്റാമിൻ ഡിയുടെ കുറവിന്റെ ചില ലക്ഷണങ്ങൾ ഇതാ.
ഉറക്കമില്ലായ്മ
വിറ്റാമിൻ ഡി യുടെ അഭാവം സ്‌ട്രെസ് ഹോർമോണിന്റെയും കോർട്ടിസോളിന്റെയും അളവ് ഉയർത്തുന്നതിനാൽ ഇത് നിങ്ങളുടെ ഉറക്ക രീതിയെ ബാധിക്കും. ഇക്കാരണത്താൽ, പലപ്പോഴും ക്ഷീണതനായിരിക്കാൻ സാധ്യതയുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് ചെറിയ ഉറക്ക , രാത്രി ഉണരൽ, മറ്റ് ഉറക്ക തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
എല്ലുകളിൽ വേദന
എല്ലുകളിൽ വേദന വരുന്നതാണ് ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. വിറ്റാമിൻ ഡി കുറയുമ്പോൾ എല്ലുകളിൽ വേദന, പേശികളിൽ ബലഹീനത എന്നിവ വരാനും ഒടിവുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്. വിറ്റാമിൻ ഡി കുറവുള്ളവരിൽ ചെറിയ വീഴ്ചയിൽ തന്നെ എല്ലുകൾക്ക് പരിക്കേൽക്കാം.
തുടർച്ചയായുള്ള അസുഖങ്ങൾ
തുടർച്ചയായി രോഗങ്ങൾ വരുന്നതിന് വൈറ്റമിൻ ഡി ഒരു കാരണമായേക്കാം. രോഗപ്രതിരോധ സംവിധാനത്തിൽ വിറ്റാമിൻ ഡിയുടെ പങ്ക് പ്രധാനമാണ്. അഭാവം ശരീരത്തെ വിവിധ തരം രോഗാണുക്കൾക്ക് വിധേയമാക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് കുറവുള്ള ആളുകൾക്ക് ജലദോഷം, ആസ്ത്മ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളിൽ പറയുന്നു.
വിഷാദം
വിഷാദരോഗത്തിന്റെ ആരംഭം പല കാരണങ്ങളാൽ ഉണ്ടാകാം. ഇതിൽ വിറ്റാമിൻ ഡിയുടെ അഭാവം പ്രധാനപ്പെട്ട ഒന്നാണ്. മാനസികാരോഗ്യത്തിന് വിറ്റാമിൻ ഡിയുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകൾക്ക് അവബോധം കുറവാണ്, വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും വിറ്റാമിൻ ഡിയുടെ കുറഞ്ഞ അളവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തി.
മുടി കൊഴിച്ചിൽ
രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിലും മുടി വളർച്ച കൂട്ടുന്നതിലും വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്റെ അഭാവം മുടിയുടെ വളർച്ചയെ ബാധിക്കുന്നു. മാത്രമല്ല ഇത് മുടികൊഴിച്ചിലിനും കാരണമാകുന്നു. വിറ്റാമിൻ ഡിയുടെ കുറയുന്നത് പുതിയ മുടിയുടെ വളർച്ചയെ തടയുന്നു.
ശരീരത്തിലെ വിറ്റാമിൻ ഡി യുടെ കുറവ് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും, ഇത് വൈജ്ഞാനിക വൈകല്യത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, കഠിനമായ ആസ്ത്മയ്ക്ക് കാരണമാകുന്നു, കൂടാതെ ക്യാൻസർ വളർച്ചയിലും ഒരു പങ്കുണ്ട്. വിറ്റാമിൻ ഡിയുടെ അളവ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരത്തിലെ പ്രതിരോധ പ്രവർത്തനത്തെ കുറയ്ക്കുകയും ചെയ്യുന്നു.
ഇനിപ്പറയുന്ന പ്രശ്നങ്ങളുള്ള ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്
വൻകുടൽ പുണ്ണ് പോലുള്ള രോഗങ്ങളുള്ളവർക്ക് ഈ അവശ്യ വിറ്റാമിന്റെ അളവ് കുറവായിരിക്കും, കാരണം ഈ ആളുകളിലെ കുടൽ സംവിധാനത്തിന് വിറ്റാമിൻ ആഗിരണം ചെയ്യാൻ കഴിയില്ല. അമിതവണ്ണമുള്ളവർക്കും രക്തത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കും, കാരണം ഈ വ്യക്തികളിലെ കൊഴുപ്പ് കോശങ്ങളിൽ വിറ്റാമിൻ ഡി അടിഞ്ഞു കൂടുന്നു. ഇവരെക്കൂടാതെ, അടുത്തിടെ ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ നടത്തിയവരിലും വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കും.