ന്യൂഡല്‍ഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസരം ഗത്ത് മുസ്‌ലിം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിന് മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സര്‍വേ 2020-21 റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍പ്രദേശ് (36 ശതമാനം), ജമ്മു-കശ്മീര്‍ (26 ശതമാനം), മഹാരാഷ്ട്ര (8.5 ശതമാനം), തമിഴ്‌നാട് (8.1 ശതമാനം), ബിഹാര്‍ (6.2 ശതമാനം) എന്നിങ്ങനെയാണ് കുറവ് ഉണ്ടായിരിക്കുന്നത്. ഇതിന് കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ആരംഭിക്കുന്ന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് എസ്.ഐ.ഒ ആവശ്യപ്പെട്ടു. എസ്.ഐ.ഒക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ എജുക്കേഷനല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (സി.ഇ.ആര്‍.ടി) സെന്ററാണ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍, മാര്‍ഗദര്‍ശനം, നൈപുണ്യ വികസന ശില്‍പശാലകള്‍, സ്‌കോളര്‍ഷിപ് സഹായം അടക്കം നല്‍കി വിദ്യാര്‍ഥികളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
36 ശതമാനം വിദ്യാര്‍ഥികളുടെ കുറവുണ്ടായ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന പരിപാടിയില്‍ സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. റോഷന്‍ മൊഹിയുദ്ദീന്‍ പറഞ്ഞു. മൗലാന ആസാദ് ഫെലോഷിപ് പുനഃസ്ഥാപിക്കണം, മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യകുറവ് അന്വേഷിക്കണം. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കണം. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍കരണം തടയണമെന്നും സി.ഇ.ആര്‍.ടി ആവശ്യപ്പെട്ടു. മുസ്‌ലിം വിദ്യാര്‍ഥികളുടെ വലിയതോതിലുള്ള കൊഴിഞ്ഞുപോക്ക് പ്രയാസമുണ്ടാക്കുന്നതാണെന്നും രാജ്യത്ത് ആര്‍.എസ്.എസ് അജണ്ടയായ ഹിന്ദുരാഷ്ട്രം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായാണ് ഇതു സംഭവിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച ജെ.എന്‍.യു പ്രഫസര്‍ നിവേദിത മേനോന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം വിദ്യാര്‍ഥികള്‍ എല്ലാതലത്തിലും അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.