നിങ്ങള്‍ എല്ലായ്പ്പോഴും ക്ഷീണിതനാണോ? കാരണം ഇതായേക്കാം

നിങ്ങള്‍ എല്ലായ്പ്പോഴും ക്ഷീണിതനാണോ? കാരണം ഇതായേക്കാം

രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കാത്തതിനാലും പതിവില്ലാത്ത വിധം ശാരീരിക അധ്വാനം വേണ്ടി വരുമ്പോഴുമെല്ലാം ക്ഷീണം അനുഭവപ്പെടുന്നത് സാധാരണയാണ്. എന്നാല്‍ രണ്ടോ അതിലധികമോ ദിവസം നീണ്ടുനില്‍ക്കുന്ന ക്ഷീണത്തിനും തളര്‍ച്ചയ്ക്കും പിന്നില്‍ മറ്റ് കാരണങ്ങളുണ്ടാകാം, അതിനാല്‍ ഇത് നിസ്സാരമായി കാണരുത്, പ്രത്യേകിച്ചും മധ്യവയസ്സ് കഴിഞ്ഞവര്‍ക്ക്. ക്ഷീണവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ ഇതാ.

വിളര്‍ച്ച

അനീമിയ ഉണ്ടെങ്കില്‍ ഇത് ക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമാകും. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാതെ വരുമ്പോഴാണ് അനീമിയ വരുന്നത്. ഇത് പല കാരണങ്ങളാല്‍ ഉണ്ടാകാം. ശരീരത്തില്‍ ഇരുമ്പ് അല്ലെങ്കില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് വരുമ്പോഴാണ് സാധാരണയായി വിളര്‍ച്ച വരുന്നത്. രക്തപരിശോധനയിലൂടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് അറിയാനും മറ്റ് അവശ്യ പോഷകങ്ങളുടെ അളവ് മനസ്സിലാക്കാനും സാധിക്കും. ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇതിന്റെ കുറവ് നികത്താവുന്നതുമാണ്.

തൈറോയ്ഡ്

തൈറോയിഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറഞ്ഞാലും കൂടിയാലും ക്ഷീണം ഉണ്ടാക്കും. മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രധാന ധര്‍മ്മം. തൈറോയ്ഡ് സംബന്ധിയായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. ഇത് തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും. ഓവര്‍ ആക്ടീവ് തൈറോയ്ഡ് ഉള്ളവരില്‍ ശരീരത്തിലെ മെറ്റബോളിസം വേഗത്തിലാകും. ഇതും അമിതമായ ക്ഷീണത്തിന് കാരണമാകും.

പ്രമേഹം

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ക്ഷീണത്തിന് കാരണമാകും. പ്രമേഹമുള്ളവരില്‍, പാന്‍ക്രിയാസ് ഗ്രന്ഥികള്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കില്ല, മാത്രമല്ല ശരീരത്തിന് ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കാതെ വരും. ഇത് രക്തത്തില്‍ അധിക ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍, ശരീരം ഗ്ലൂക്കോസിനെ ഊര്‍ജ്ജമായി പ്രോസസ്സ് ചെയ്യാതെ വരും ഇത് ക്ഷീണത്തിന് കാരണമാകും.

ജീവിതശൈലി

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍, ഉറക്കക്കുറവ് എന്നിവയല്ലാതെ ക്ഷീണം വരുന്നതിന് മറ്റൊരു കാരണമാണ് നമ്മുടെ ജീവിതശൈലി. ആവശ്യത്തിന് വെള്ളം കുടിക്കാതെ ശരീരത്തില്‍ ഡിഹൈഡ്രേഷന്‍ വരുന്നതും ക്ഷീണത്തിന് കാരണമാകുമെന്ന് പലരും ഓര്‍ക്കാറില്ല. അതിനാല്‍ ആവിശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മറ്റൊരു കാരണം തെറ്റായ ഭക്ഷണക്രമമാണ്. പഞ്ചസാര, പ്രോസസ്സഡ് ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് ക്ഷീണം വരുത്തും. പകരം പഴങ്ങള്‍, സീസണല്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുക.

സ്ലീപ്പ് അപ്നിയ

ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം താല്‍ക്കാലികമായി നിര്‍ത്തുന്നതിന് കാരണമാകുന്ന ഒരു മെഡിക്കല്‍ അവസ്ഥയാണ് സ്ലീപ്പ് അപ്നിയ. രാത്രിയില്‍ നന്നായി ഉറങ്ങാത്തത് പകല്‍ സമയത്ത് ക്ഷീണത്തിനും ഉറക്കം തൂങ്ങുന്നതിനും ഇടയാക്കും. ഉറക്കത്തിലുണ്ടാകുന്ന ശ്വാസം മുട്ടല്‍, ഉച്ചത്തിലുള്ള കൂര്‍ക്കംവലി, ഉറക്കത്തില്‍ ശ്വാസം തടസ്സം വന്ന് ഞെട്ടിയുണരല്‍ എന്നിവയാണ് സ്ലീപ് അപ്നിയയുടെ സാധാരണ ലക്ഷണങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *