ഹര്‍ഷിനക്ക് ബലി പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കാന്‍ മുഖ്യമന്ത്രി അവസരം ഒരുക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹര്‍ഷിനക്ക് ബലി പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കാന്‍ മുഖ്യമന്ത്രി അവസരം ഒരുക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിക്കേണ്ടി വന്ന ഹര്‍ഷിനക്ക് ഇത്തവണത്തെ ബലി പെരുന്നാള്‍ നിരാലംബരായ കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പം വീട്ടില്‍ ആഘോഷിക്കാന്‍ മുഖ്യമന്ത്രി അവസരം ഒരുക്കണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. നീതി തേടി ഹര്‍ഷിന നടത്തുന്ന സത്യഗ്രഹ സമരം 30 ദിവസം പിന്നിട്ടപ്പോള്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കാനായി സമരസമിതി നടത്തിയ അഗ്‌നിജ്വാല പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ഷിന കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഗാന്ധിയന്‍ സമരം ഒരിടത്തും ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മനസ്സിലാക്കണം. സമരം എത്ര ദിവസം നീണ്ടാലും പിന്തിരിയില്ല. കേരള സമൂഹത്തിന്റെ പിന്തുണയാണ് സമരത്തിന്റെ പിന്‍ബലം. ചില ഡോക്ടര്‍മാരുടെ ക്രൂരമായ അനാസ്ഥ കാരണമുള്ള ഇത്തരമൊരു ദുരവസ്ഥ ഒരു സ്ത്രീക്കും ഇനി ഉണ്ടാകരുത്. ആരോഗ്യ മന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനത്തിനു വരുമ്പോള്‍ സമരം ഇല്ലാതിരിക്കുന്നതിനുള്ള നാടകമായിരുന്നോ മന്ത്രി വീണ ജോര്‍ജ് മുന്‍പ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു. ചികിത്സ തേടിയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണം. ഒരു കോടി രൂപ ഹര്‍ഷിനക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ഐ.എന്‍.ടി.യു.സി ദേശീയ കമ്മിറ്റി അംഗം എം.കെ ബീരാന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത. കണ്‍വീനര്‍ മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു.
സമരസമിതി നേതാക്കളായ എം.ടി സേതുമാധവന്‍, എം.വി അബ്ദുല്ലത്തീഫ്, പി.എം ദിലീപ് കുമാര്‍, പി.കെ സുഭാഷ് ചന്ദ്രന്‍ ,ബാബു കുനിയില്‍, പിടി സന്തോഷ് കുമാര്‍, സുബൈദ സുബൈദ കക്കോടി, ഫൗസിയ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *