താമരശ്ശേരി: മൃഗസംരക്ഷണ വകുപ്പ് മുന്‍ അഡീഷണല്‍ ഡയരക്ടറും, കര്‍ഷക ഭാരതി അവാര്‍ഡ് ജേതാവുമായ ഡോ. പി.കെ മുഹ്സിനെ വയലോരം റസിഡന്റ്‌സ് അസോസിയേഷന്‍-കാരാടി, കെടവൂര്‍ മേഖല പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ടി. അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗം എം. കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
താമരശ്ശേരിയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറസാനിധ്യമായ ഡോ. മുഹ്‌സിന്‍ കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മൃഗചികിത്സാ രംഗത്തും, ഫാം ജേ ര്‍ണലിസം മേഖലയിലും സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. നിരവധി ശാസ്ത്ര ലേഖനങ്ങള്‍, റേഡിയോ പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെതായി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
മഹാരഥന്മാരുടെ ചിത്രങ്ങളടങ്ങിയ പഴയ പത്ര പേജുകള്‍, വിവിധ തരം പക്ഷികളുടെ മുട്ടകള്‍, തൂവലുകള്‍ എന്നിവയടങ്ങിയ ‘ഓര്‍മ്മചെപ്പ് ‘എന്ന പേരില്‍ പ്രദര്‍ശനങ്ങള്‍ സ്‌കൂളുകളിലും, ലൈബ്രറികളിലും, മൃഗ സംരക്ഷണ വകുപ്പിലും നടത്തിയിട്ടുണ്ട്.
ഡോ. അബ്ബാസ്, എ. അരവിന്ദന്‍, മുരളി കൃഷ്ണന്‍, സുമ രാജേഷ്, ഹുസൈന്‍ കാരാടി, മഞ്ജിത, യുവേഷ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍. ഹരിദാസ് സ്വാഗതവും പ്രജീഷ് വി.കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വയലോരം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്കു ശേഷം സമ്മാന വിതരണവും സ്വര രാഗം മ്യൂസിക് ടീമിന്റെ കരോക്കെയും നടന്നു.