ഒട്ടാവ: ഖലിസ്ഥാന്‍ നേതാവും ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബുമായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. അജ്ഞാതരായ രണ്ടുപേര്‍ ഞായറാഴ്ച വൈകിട്ടാണ് നിജ്ജാറിനെതിരേ വെടിയുതിര്‍ത്തത്. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്നു.
രാജ്യത്ത് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ നിജ്ജാര്‍ പ്രതിയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളില്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെതിരെ നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി സിഖ് നേതാവ് കുറ്റകരമായ പ്രസ്താവനകള്‍, ആക്ഷേപകരമായ ഉള്ളടക്കം, വ്യാജ ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവയെല്ലാം പങ്കുവച്ചിരുന്നു. കലാപാഹ്വാന നീക്കങ്ങളും ഹര്‍ദീപ് സിങ് നിജ്ജാറില്‍ നിന്നുണ്ടായിരുന്നു. ഈ തെളിവുകള്‍ അടിസ്ഥാനമാക്കി രാജ്യദ്രോഹം, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
2018ല്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാര്‍ പ്രതിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജലന്ധറില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തില്‍ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലിസ് കണ്ടുകെട്ടിയിരുന്നു.