ഇന്ന് വയനാദിനമാണ്. വായനയിലൂടെ അറിവും വൈജ്ഞാനിക ദര്‍ശനങ്ങളും നേടുന്നതിലൂടെ മനുഷ്യമനസുകളെ ഉത്തമ ദാര്‍ശനിക ബോധമുള്ളവരാക്കി കാണാന്‍ കഴിയും. വായന ശീലം ജീവിതത്തില്‍ ഒട്ടേറെ സവിശേഷതകള്‍ സംഭാവന ചെയ്യും. യുഗപ്രഭാവനായ പി.എന്‍ പണിക്കര്‍ തന്റെ ജീവിത യാത്രയുടെ തുടക്കത്തില്‍ കേരളീയ സമൂഹത്തിന് സമര്‍പ്പിച്ച
ദീപശിഖയാണ് ഗ്രന്ഥശാലാ പ്രസ്ഥാനവും വായനശാലയെന്ന അറിവിന്റെ പാഠശാലയും.
ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നും ഉടലെടുത്ത വായനശാല പ്രസ്ഥാനം
മഹോന്നതമായ അറിവിന്റെ സ്തംഭമായി ഉയര്‍ന്നു. 10 മടല്‍ ഓലയും ഒരു അടയ്ക്കാമരവുംക്കൊണ്ട് പണിക്കര്‍ തന്റെ ജന്മനാട്ടില്‍ ഉയര്‍ത്തിയ വായനശാല ഇന്നു ലോകത്ത് അറിവിന്റെ നെറുകയില്‍ സ്ഥാനം പിടിച്ചു. വായനശാലയിലൂടെ മലയാള ഭാഷയുടെ പൈതൃകത്വം ഭാവി തലമുറകളില്‍ സൗന്ദര്യബോധനത്തോടെ സമര്‍പ്പിക്കുന്നതിന് പി.എന്‍ പണിക്കര്‍ തെളിയിച്ച നേര്‍ ദിശയാണ് ഗ്രന്ഥശാലകള്‍. കേരളത്തില്‍ ഉന്നതരായ സാഹിത്യ രചയിതാക്കള്‍ ഉടലെടുത്തത് ഗ്രന്ഥശാലകള്‍ നല്‍കിയ അറിവും ഉത്തേജനകവുമാണ്. വിശ്വ വിഖ്യാതമായ സൃഷ്ടികള്‍ പാഠ്യമായി സ്വീകരിച്ച സാഹിത്യകാരന്മാര്‍ കേരളത്തില്‍ വിരളമല്ല. സൃഷ്ടികളുടെ സമ്മോഹനം മനസിന്റെ ഉള്ളറയിലെ സര്‍ഗ്ഗ വൈഭവത്തിന്റെ പൂരകമാണ് . മനുഷ്യന്റെ ജീവിതത്തിലെ വൈകാരിക നിമിഷങ്ങള്‍, ഉള്‍ക്കിടിലമായ അവസ്ഥാന്തരങ്ങള്‍, ധര്‍മ്മവും അധര്‍മ്മവും സത്യവും കളങ്കമാര്‍ന്ന അസത്യങ്ങളും ഇവയില്‍ നിന്നെല്ലാം ഉണ്ടാകുന്ന നിര്‍ഭരതയുടെ കാഴ്ചകളെല്ലാം സൃഷ്ടികളുടെ ജനനത്തിന് പ്രേരകമാണ്.
കാലത്തിന്റെ ക്രമത്തിനോ വ്യതിയാനങ്ങളോ ഒരു പരിധി വരെ സാഹിത്യരചനകളെ സ്വാധീനിക്കാറുണ്ട്. മാനവ സംസ്‌കാരത്തിന്റെ ചേതന നഷ്ടപ്പെടാതിരിക്കാനും സംസ്‌കൃതിയുടെ ആഴവും പരപ്പും വര്‍ധിതമാക്കുവാനും വായന ഫലപ്രദമെന്നു മാത്രമല്ല ഒരായുസ്സില്‍ മനുഷ്യ നന്മകള്‍ പ്രദാനം ചെയ്യാന്‍ അറിവിലൂടെ നേടുന്ന ജ്ഞാനവും ഭാവനകളും
പ്രേരിതമാകുമെന്നതില്‍ തര്‍ക്കമില്ല. അറിവ് പരമോന്നതമായ സ്ഥാനമാണ്. വിവേകവും സദ്ഗുണങ്ങളും സ്വഭാവ വൈശിഷ്ടവും സ്വായത്തമാക്കാന്‍ കഴിയും.
അറിവിന്റെ വിജ്ഞാനത്തിന്റെ ബാലപാഠങ്ങള്‍ വായനശാലയിലൂടെ ഗ്രന്ഥശാലകളിലൂടെ പകര്‍ന്നു നല്‍കിയ മഹാനും അക്ഷര സ്‌നേഹിയുമായ പി.എന്‍ പണിക്കരൈ സ്മരിക്കാതെ വായനാ ദിനം കടന്നുപോകരുത്. ആ ധന്യ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു. സാഹിത്യ രചന തീര്‍ത്ഥാടനമാണ്. വൈഭവമായ സര്‍ഗ്ഗാത്മക ചൈതന്യം തേടിയുള്ള തീര്‍ത്ഥയാത്ര. കാലത്തിന്റെ ഗതിമാനം ഓരോ മനസിനേയും മാറ്റുരപ്പിക്കാന്‍ അറിവിനും വിജ്ഞാനത്തിനും കഴിയും. അതിനായി വായന ശീലം വളര്‍ത്തുക. വായനയിലൂടെ സമൂഹത്തെ മുന്നോട്ടു നയിക്കുക.