- എല്ലാവരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആവശ്യമായ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലാ അധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്ന് ഡോക്സിസൈക്ലിന്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
എലിപ്പനി ബാധിച്ചവരില്‍ അസുഖം പെട്ടന്ന് സങ്കീര്‍ണമാകുന്നതായി കണ്ടു വരുന്നുണ്ട്. അസുഖം വളരെ പെട്ടന്ന് കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിവരുന്നുണ്ട്. ഇത് വഴി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനും ചികിത്സ തേടാനും സാധിക്കുന്നു. എലിപ്പനി പ്രതിരോധിക്കാന്‍ ഡോക്സിസൈക്ലിന്‍ കഴിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പ്രധാനമായും മണ്ണില്‍ പണിയെടുക്കുന്നവരിലും കുഞ്ഞുങ്ങളിലും ഈ ശ്രദ്ധ അത്യാവശ്യമാണ്.
പനിയെ നിസ്സാരമായി കണ്ട് ആരും സ്വയം ചികിത്സയ്ക്ക് മുതിരരുതെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തില്‍ പുറത്തുവിടും. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവരുന്നത് നല്ല ഫലം ചെയ്യും. കണക്കുകള്‍ നല്‍കരുതെന്ന നിര്‍ദേശം ഇല്ലെന്നും മന്ത്രി. പത്തനംതിട്ടയില്‍ മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പകര്‍ച്ചനി ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം തന്നെ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേരുകയും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ രണ്ടിന് സംസ്ഥാനത്തെ മുഴുവന്‍ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മുഴുവന്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. വീടുകള്‍ക്കുള്ളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാനും ശക്തമായ മഴ എലിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.